കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനി തിരുവനന്തപുരത്ത് പിടിയിൽ. കൊല്ലം കുളത്തൂർക്കോണം സ്വദേശി നന്ദുവാണ് പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് എത്തുന്നവർക്ക് എംഡിഎംഎ തരപ്പെടുത്തി നൽകുന്നത് നന്ദുവാണന്ന് പൊലീസ് പറയുന്നു. രണ്ടാഴ്ച മുമ്പാണ് പാറശ്ശാലയിൽ എംഡിഎംഎയുമായി കാട്ടാക്കട സ്വദേശി വിഷ്ണുവിനെ പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മുഖ്യ പ്രതി നന്ദുവിനെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊല്ലം കുളത്തൂർ കോണം സ്വദേശി നന്ദുവിനെ ചാക്കയിലെ സ്വകാര്യ ഹോട്ടൽ മുറിയിൽനിന്ന് പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കേരളത്തിൽ നിന്ന് ലഹരി തേടി ബാംഗ്ലൂരിൽ എത്തുന്നവർക്ക് എം ഡി എം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനിയാണ് നന്ദു എന്ന് പാറശാല പോലീസ് അറിയിച്ചു. തിരുവനന്തപുരം കൊല്ലം ജില്ലകളിലായി പത്തിലധികം ലഹരി കേസുകൾ ഇയാൾക്കെതിരെയുണ്ട്. നിരവധി തവണ ലഹരി വസ്തുക്കളുമായി നന്ദുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ഇന്നലെ രാത്രിയോടെ പാറശ്ശാല എസ് ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എം ഡി എം എ വാങ്ങാൻ എന്ന വ്യാജേന ഹോട്ടലിൽ എത്തിയാണ് ഇയാളെ പിടികൂടിയത്.ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.


.gif)



0 Comments