ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ല: രമേശ് ചെന്നിത്തല


തൃശൂർ: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാകും അനുഭവം.ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഗവൺമെൻറ് പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഒളിവിലായിരുന്ന ക്രിമിനൽ കേസിലെ പ്രതി അ‍ർജുൻ ആയങ്കിയുടെ അറസ്റ്റിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കേരളം ഗുണ്ടകളുടെ നാട് അല്ലെന്നും സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്നും മനഃപ്പൂർവം പ്രശ്നമുണ്ടാക്കുന്നവർ ആരായാലും കർശന നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇന്നലെ മുതൽ അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ഓണക്കാലം കൂടി മുൻ നിർത്തി നടപടികൾ ഊർജിതമാക്കും. എല്ലാം പൊലീസ് സ്റ്റേഷനുകളിലെയും ലിസ്റ്റുകൾ പ്രകാരം ഗുണ്ടകൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തും. ഏത് സംരക്ഷണം കിട്ടിയാലും ഇത്തരം ആളുകൾക്കെതിരെ നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയും ജയരാജൻ തള്ളിപ്പറഞ്ഞുവെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. ഇങ്ങനെയുള്ള ആളുകളെ ആർക്കും സംരക്ഷിക്കാൻ ആകില്ല. കേരളം അത്തരമൊരു നാട് അല്ല. ഗുണ്ടകൾ മാത്രമല്ല ഗുണ്ടകളെ പോറ്റി വളർത്തുന്ന ആളുകൾക്കെതിരെയും നടപടിയെടുക്കും. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനൽ കൊട്ടേഷൻ സംഘങ്ങൾക്ക് എതിരെയും നടപടിയെടുക്കും. നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പൊലീസിനെയും സ‍ർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അ‍ർജുൻ ആയങ്കിയെ കസ്റ്റ‍ഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിലേക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറണ്ടില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടയിൽ അപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു. കടലിൽ കാണാതായവരെ കിട്ടിയോ എന്നായിരുന്നു കസ്റ്റഡിയിൽ എടുത്ത പൊലീസുകാരോടുള്ള അർജുൻ ആയങ്കിയുടെ ചോദ്യം. അർജുൻ ആയങ്കിയുടെ വൈദ്യപരിശോധന പൂർത്തിയായി. കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയിൽ കണ്ണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കും. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്ന പരാതിയിലാണ് കണ്ണൂർ സൈബർ പൊലീസ് അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തത്. ഇതിനിടെ സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറക്കിയ അർജുൻ ആയങ്കി മാധ്യമങ്ങളോട് പ്രതികരിച്ചു. 'ജീവിതം നശിപ്പിച്ച ആളായതുകൊണ്ടാണ് വീഡിയോ ഇട്ടതെന്നാ'യിരുന്നു കോതമംഗലം സി ഐക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റിൽ അർജുൻ ആയങ്കിയുടെ പ്രതികരണം. അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ കടക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എടപ്പാളിലെ ആയുര്‍ ഗ്രീന്‍ ആശുപത്രിയിലെ കഫേയിൽ നിന്ന് അ‍ർജുനും സംഘവും ചായ കുടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നതോടെ പൊലീസിനെതിരെയുള്ള വിമർശനം ശക്തമായിരുന്നു. അ‍ജുൻ ആയങ്കിയെ രക്ഷപ്പെടാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് സഹോദരൻ അഖിലിനെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിരുന്നു. പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് അ‍ർജുൻ ആയങ്കി രക്ഷപ്പെട്ട വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്ന് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എടപ്പാളിൽ നീല സ്വിഫ്റ്റ് കാറിൽ അര്‍ജുന്‍ ആയങ്കിക്കൊപ്പം എത്തിയ എടപ്പാള്‍ വട്ടംകുളം സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍, നൗഫല്‍, അഷ്‌കര്‍ തുടങ്ങിയവരെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അര്‍ജുന്‍ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. പിന്നാലെ 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അര്‍ജുന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്.



Post a Comment

0 Comments