അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെ വിമർശിച്ച് കെടി കുഞ്ഞിക്കണ്ണൻ. സ്ത്രീ സ്വതന്ത്രയും തുല്യയുമായ വ്യക്തിയാണ്. സ്ത്രീകൾ ലൈംഗികമായും സാമൂഹ്യമായും അടിമകളായിരിക്കണമെന്ന് പറയുന്ന ഒരു വേദവിചാരത്തോടും ആധുനിക ജനാധിപത്യസമൂഹങ്ങൾക്ക് യോജിക്കാനാവില്ലെന്ന് കെടി കുഞ്ഞിക്കണ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകൾ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നോ പുരുഷനോടൊപ്പം സാമൂഹ്യനിർമിതിയിൽ പങ്കാളിയാവരുതെന്നോ പറയാൻ നമ്മുടെ ഭരണഘടനയുടെ തുല്യനീതിയെ സംബന്ധിച്ച വ്യവസ്ഥകൾ അനുവദിക്കുന്നുമില്ലെന്ന് കെടി കുഞ്ഞിക്കണ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുത്. പരിപാടികൾ ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം നടത്തുന്നത്. നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർകുലറിൽ പറയുന്നു. ഇസ്ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിർവരമ്പുകൾ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അഭ്യർത്ഥിച്ചു. ഇത്തരം പരിപാടികൾ തികച്ചും ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ മഹല്ല് ഭാരവാഹികളും പള്ളി, മദ്റസ, മറ്റ് സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ നേതൃത്വവും പ്രത്യേക ജാഗ്രത പുലർത്തണമെന്നും ഇവര്‍ വ്യക്തമാക്കി. ഇസ്‌ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടയിണക്കുന്നതും വിശ്വാസികൾക്ക് ചേർന്നതല്ലെന്നും അനുവദനീയമല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കാന്തപുരം വിഭാഗത്തിന്റെ ഈ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കയാണ്, പുരോഗമന സമൂഹത്തിന് ചേരാത്ത നിലപാടുകൾക്ക് എതിരെ പ്രതിഷേധവും ശക്തമാണ്.


.gif)


0 Comments