ഇസ്രയേലുമായുള്ള സൗഹൃദത്തെ വിലമതിക്കുന്നു: നെതന്യാഹുവിൻ്റെ സ്വാതന്ത്ര്യദിനാശംസയ്ക്ക് മറുപടിയുമായി മോദി


ന്യൂഡൽഹി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ എന്നിവരടക്കമുള്ള ലോകനേതാക്കൾക്കും സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചതിൽ നരേന്ദ്ര മോദി നന്ദി അറിയിച്ചു. 'എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ ആശംസാ സന്ദേശത്തിൽ കുറിച്ചത്. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ഈ മനോഹരമായ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്താൻ നമുക്ക് കഴിയട്ടെയെന്നും നെതന്യാഹു ആശംസിച്ചിരുന്നു. 'ഇന്ത്യയും ഇസ്രയേലും ഒരു വർഷത്തിന്റെ വ്യത്യാസത്തിൽ സ്വാതന്ത്ര്യം നേടിയ രണ്ട് പ്രാചീന രാഷ്ട്രങ്ങളാണ്. മികച്ച ഭാവിക്കായി ഒരുമിച്ച് മുന്നേറുകയാ'ണെന്നും നെതന്യാഹു തന്റെ സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ നവീകരണശേഷിക്കും സൗഹൃദത്തിനും അതിരുകളില്ല. ഏറ്റവും മികച്ച കാലം ഇനിയും വരാനിരിക്കുന്നു എന്നും നേതന്യാഹു ആശംസാ സന്ദേശത്തിൽ കുറിച്ചിരുന്നു. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗും രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി മോദിക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. അതിനുള്ള മറുപടിയായി മോദി, ഇന്ത്യ–ഇസ്രയേൽ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുകയും പുതിയ അവസരങ്ങൾ തുറക്കുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാകുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യ ഇസ്രയേലുമായുള്ള സൗഹൃദത്തെ അതീവ വിലമതിക്കുന്നുവെന്നും ജനങ്ങളുടെ ക്ഷേമത്തിനായി തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിബദ്ധമാണെന്നുമാണ് നരേന്ദ്ര മോദി മറുപടിയായി വ്യക്തമാക്കിയിരുന്നു. 'ജ്യേഷ്ഠസഹോദരൻ' എന്ന് നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തായിരുന്നു ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ സ്വാതന്ത്ര്യദിനാശംസകൾ നേർന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും അടുപ്പവും ഇനിയും വളരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഭൂട്ടാനുമായുള്ള ഇന്ത്യയുടെ പ്രത്യേകവും ദീർഘകാലവുമായ പങ്കാളിത്തം കൂടുതൽ കരുത്താർജിക്കുന്നുണ്ടെന്നായിരുന്നു നരേന്ദ്ര മോദിയുടെ മറുപടി സന്ദേശം. നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ജനങ്ങൾ തമ്മിലുള്ള അടുപ്പവും സഹകരണവും വരും വർഷങ്ങളിലും കൂടുതൽ ശക്തിപ്പെടുമെന്നും ആശംസാ സന്ദേശത്തിൽ നേപ്പാൾ പ്രധാനമന്ത്രി കുറിച്ചു. ഇരു രാജ്യങ്ങളുടെയും പരസ്പര അഭിവൃദ്ധിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി ബഹുമുഖവും പ്രാചീനവുമായ നാഗരിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിബദ്ധമാണെന്നായിരുന്നു മറുപടി സന്ദേശത്തിൽ നരേന്ദ്ര മോദി വ്യക്തമാക്കിയത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. എട്ട് പതിറ്റാണ്ടുകളുടെ സ്വാതന്ത്ര്യം ഇന്ത്യയുടെ ജനങ്ങളുടെയും സർക്കാരിന്റെയും പ്രതീക്ഷകളും പ്രതിരോധശേഷിയും അചഞ്ചലമായ ആത്മാവും പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടട്ടെയെന്നായിരുന്നു നരേന്ദ്ര മോദിയുടെ മറുപടി സന്ദേശം. പങ്കിട്ട മൂല്യങ്ങളും പൊതുതാൽപര്യങ്ങളും അടിസ്ഥാനമാക്കിയുള്ള തന്ത്രപ്രധാന പങ്കാളിത്തമാണ് ഇന്ത്യയും സൈപ്രസും പങ്കിടുന്നതെന്നായിരുന്നു സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡുലിഡീസ് ആശംസാ സന്ദേശത്തിൽ വ്യക്തമാക്കിയത്. ഈ പങ്കാളിത്തം കൂടുതൽ ആഴത്തിലും വ്യാപ്തിയിലും വികസിപ്പിക്കാനും അതിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താനും തങ്ങൾ പ്രതിബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിപുലമായ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നായിരുന്നു നരേന്ദ്ര മോദി മറുപടി സന്ദേശത്തിൽ വ്യക്തമാക്കിയത്.



إرسال تعليق

0 تعليقات