പൂർണ തോതിലുള്ള കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് വിഴിഞ്ഞം തുറമുഖം.

 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണതോതിലുള്ള കയറ്റുമതി-ഇറക്കുമതി (EXIM) പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തിന്റെ വിദേശ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകളെ ആശ്രയിക്കുന്നത് കുറക്കാനും ചരക്കുനീക്കത്തിന്റെ സമയവും ചെലവും കുറക്കാനും എക്സിം പ്രവർത്തനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. വാണിജ്യ പ്രവർത്തനം ആരംഭിച്ച 2024 ഡിസംബർ 3 മുതൽ വിഴിഞ്ഞം 22.8 ലക്ഷം ടി ഇ യു വിലധികം കണ്ടെയ്‌നറുകളും 1,100 കപ്പലുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെത്തിയ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എം എസ് സി ഐറിന ഉൾപ്പെടെ 80-ലധികം അൾട്രാ ലാർജ് കണ്ടെയ്‌നർ കപ്പലുകളും വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്.

കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളെയാണ് ആദ്യഘട്ട പ്രവർത്തനങ്ങളുടെ പ്രധാന വിപണിയായി ലക്ഷ്യമിടുന്നത്. ബെംഗളൂരു, കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങിയ വ്യവസായ കേന്ദ്രങ്ങൾക്ക് അന്താരാഷ്ട്ര ഷിപ്പിങ് ശൃംഖലയിലേക്ക് കൂടുതൽ നേരിട്ടുള്ള പ്രവേശനം ലഭിക്കും. ഇതിലൂടെ ലോജിസ്റ്റിക്സ്, വെയർഹൗസിങ്, ചരക്ക് കൈമാറ്റം തുടങ്ങിയ മേഖലകളിൽ 5,000-ത്തിലധികം നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.16,000 കോടി രൂപയുടെ രണ്ടാംഘട്ട വികസനത്തോടെ തുറമുഖത്തിന്റെ വാർഷിക ശേഷി 57 ലക്ഷം ടി ഇ യി ആയി ഉയരും. 1,200 മീറ്റർ അധിക കണ്ടെയ്‌നർ ബെർത്ത്, സ്ഥിരം റെയിൽ കണക്റ്റിവിറ്റി, റോഡ് വികസനം, ലോജിസ്റ്റിക്സ് പാർക്കുകൾ, വെയർഹൗസിംഗ് സൗകര്യങ്ങൾ എന്നിവയും ഒരുക്കും. 2028 ഡിസംബറോടെ പൂർണഘട്ട വികസനം പൂർത്തിയാക്കുകയാണ് ലക്ഷ്യം. അതേസമയം, രണ്ടാംഘട്ട നിക്ഷേപത്തോടെ വിഴിഞ്ഞം പദ്ധതിയിലെ അദാനി ഗ്രൂപ്പിന്റെ ആകെ നിക്ഷേപം 30,000 കോടി രൂപയായി ഉയരും. ഇന്ത്യയുടെ ആഗോള വ്യാപാര ശേഷി ശക്തിപ്പെടുത്തുന്നതിലും ദക്ഷിണേന്ത്യൻ വ്യവസായങ്ങൾക്ക് പുതിയ വിപണന സാധ്യതകൾ ഒരുക്കുന്നതിലും വിഴിഞ്ഞം നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.



إرسال تعليق

0 تعليقات