ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാറിന് യാത്രയയപ്പ് നൽകി

 



സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാറിന്റെ സേവന കാലാവധി പൂർത്തിയായി. കമ്മീഷൻ ഓഫീസിൽ ചെയർപേഴ്സണ് കമ്മീഷൻ അംഗങ്ങളും ജീവനക്കാരും യാത്രയപ്പ് നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉപഹാരം നൽകി സംസാരിച്ചു. കമ്മീഷൻ്റെ ആറ് വർഷത്തെ പ്രവർത്തനങ്ങൾ അടങ്ങിയ പുസ്തകവും ദിവ്യ എസ് അയ്യർ പ്രകാശനം ചെയ്തു.


രണ്ടുതവണകളിലായി ആറു വർഷം തുടർച്ചയായി കമ്മീഷൻ ചെയർപേഴ്സണായാണ് കെ. വി. മനോജ് കുമാർ സ്ഥാനമൊഴിഞ്ഞത്. ഇക്കാലയളവിൽ കുട്ടികളുടെ സുരക്ഷയും ക്ഷേമവുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകൾ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. ബാലസൗഹൃദ കേരളവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് യൂണിസെഫിന്റെ അന്തർദ്ദേശീയ അവാർഡ് കമ്മീഷന് ലഭിച്ചു. 


ജില്ലകളിലെ ശിശു സംരക്ഷണ സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിക്കാൻ ഡിജിറ്റൽ ഡാഷ് ബോർഡ്, ഓൺലൈൻ പരാതിപരിഹാര സംവിധാനം, ശിശുകേന്ദ്രീകൃത ദുരന്തനിവാരണ സംവിധാനം, കുട്ടികളെ സംബന്ധിച്ച മാധ്യമ പ്രോട്ടോകോൾ, ടൈപ്പ് വൺ ഡയബറ്റിക് കുട്ടികളുടെ ക്ഷേമം,  കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം, ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിൽ അവധി ഒഴിവാക്കൽ; ഭിന്നശേഷി, ആദിവാസി മേഖലകളിലെ ഇടപെടൽ, പ്ലാന്റേഷൻ മേഖലയിലെ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ടാസ്ക് ഫോഴ്സ് രൂപീകരണം, കുട്ടികൾക്കായി റേഡിയോ നെല്ലിക്ക, കലോത്സവരംഗത്തെ ബാലാവകാശ ധ്വംസനങ്ങൾ നിയന്ത്രിക്കാൻ മാന്വൽ പരിഷ്കരിക്കുന്നതുൾപ്പെടെയുള്ള ഇടപെടൽ, കുട്ടികളിലെ ആത്മഹത്യാ പ്രവണത പ്രതിരോധിക്കാനുള്ള നടപടികൾ, കോവിഡ് കാലത്തെ കുട്ടികളുടെ പഠനം, വിവാഹ മോചനവുമായി ബന്ധപ്പെട്ട് കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലെ ഇടപെടൽ, ഗർഭകാലത്ത് കുട്ടികൾക്ക് ആവശ്യമായ സംരക്ഷണം, ശൈശവ വിവാഹ-ബാലവേല മുക്തകേരളം തുടങ്ങി വിവിധ വിഷയങ്ങളിൽ  ബാലസൗഹൃദപരമായി ഇടപെടാൻ ചെയർപേഴ്സൺ കെ വി മനോജ് കുമാറിന് സാധിച്ചിട്ടുണ്ട്. 


സുപ്രീംകോടതി മാനദണ്ഡ പ്രകാരം കുട്ടികളിലെ ആർത്തവകാല ശുചിത്വ മാനേജ്മെന്റ് മോണിറ്ററിംഗ് ചുമതല സംസ്ഥാന ബാലാവകാശ കമ്മീഷനാണ്.  അതിന്റെ ഭാഗമായി എല്ലാ ജില്ലകളിലേയും വിവിധ സ്കൂളുകൾ കമ്മീഷൻ സന്ദർശിച്ചിട്ടുണ്ട്. രാജസ്ഥാൻ, തമിഴ്നാട്, മണിപ്പൂർ, ഡൽഹി, കർണാടക, ജാർഖണ്ഡ്, മിസോറാം എന്നീ  സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനുകൾ ഈ കാലയളവിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സന്ദർശിക്കുകയുണ്ടായി.



إرسال تعليق

0 تعليقات