അഷ്ടമിരോഹിണി ആഘോഷ ഭാഗമായി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട 'അപ്പം' വഴിപാടിനായുള്ള ബുക്കിംഗ് ആരംഭിച്ചു.ക്ഷേത്രത്തിലെ അഡ്വാൻസ് ബുക്കിംഗ് കൗണ്ടറുകൾ വഴിയും ദേവസ്വത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴിയും ഭക്തർക്ക് ഇപ്പോൾ ബുക്ക് ചെയ്യാം.ഒരു അപ്പം രസീതിന് 35 രൂപയാണ് ദേവസ്വം നിശ്ചയിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഘട്ടത്തിൽ ഒരാൾക്ക് പരമാവധി ഇരുപത് അപ്പം വഴിപാടുകൾ വരെ ബുക്ക് ചെയ്യാം.എന്നാൽ അഷ്ടമിരോഹിണിയുടെ തലേദിവസമായ സെപ്റ്റംബർ 3-ന് കൗണ്ടറുകൾ വഴിയുള്ള ബുക്കിംഗിൽ നിയന്ത്രണമുണ്ടാകും.അന്നേദിവസം കൂടുതൽ ഭക്തർക്ക് വഴിപാട് ലഭിക്കുന്നതിനായി ഒരാൾക്ക് പരമാവധി 10 അപ്പം രസീതുകൾ മാത്രമേ നൽകുകയുള്ളൂവെന്ന് ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി.
ക്ഷേത്രത്തിൽ പുതുതായി പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച വെർച്വൽ ക്യൂ ദർശന സംവിധാനത്തിന് മികച്ച പിന്തുണയാണ് ഭക്തരിൽ നിന്ന് ലഭിക്കുന്നത്. സംവിധാനം ആരംഭിച്ച് ആദ്യ രണ്ട് ദിവസത്തിനുള്ളിൽ മാത്രം 3,088 ഭക്തർ വെർച്വൽ ക്യൂ വഴി ദർശനം പൂർത്തിയാക്കി.
ഓഗസ്റ്റ് 4-നാണ് കൂടുതൽ സുഗമമായ ദർശനം ഉറപ്പാക്കുന്നതിനായി ദേവസ്വം ട്രയൽ റൺ ആരംഭിച്ചത്.പ്രതിദിനം 2,400 സ്ലോട്ടുകൾ വീതം രണ്ട് ദിവസങ്ങളിലായി 4,800 പേരാണ് ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്തിരുന്നത്. ആദ്യ ദിനം സ്ലോട്ട് ബുക്ക് ചെയ്തതിൽ 1,482 പേർ ദർശനം നടത്തി. രണ്ടാം ദിനം 1,606 ഭക്തർ വെർച്വൽ ക്യൂ വഴി ദർശനം പൂർത്തിയാക്കി.
നിലവിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യമുള്ളത്. രാവിലെ 7:00 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ മണിക്കൂർ ഇടവേളകളിലും, വൈകിട്ട് 4 മണി മുതൽ അഞ്ച് മണി വരെയുമാണ് വെർച്വൽ ക്യൂ അനുവദിച്ചിരിക്കുന്നത്.
സെപ്റ്റംബർ മാസത്തേക്കുള്ള വെർച്വൽ ക്യൂ ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നും ദേവസ്വം അറിയിച്ചു.



.gif)



0 Comments