ക്രിസ് ഗെയില്‍ കേരളത്തിലേക്ക്; കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ മത്സരം കാണാന്‍ എത്തും

 

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് പിന്തുണ നല്‍കാന്‍ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്‌സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയില്‍ കേരളത്തിലേക്ക്. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ‘യൂണിവേഴ്‌സ് ബോസ്’ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ടീമിനെ പിന്തുണയ്ക്കാനും മൂന്നാം സീസണിന്റെ ആവേശത്തില്‍ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താന്‍ ഗെയില്‍ ക്രിക്കറ്റ് ആരാധകരോട് ആഹ്വാനം ചെയ്തു. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനായി സാലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പിയെയും നേരത്തെ ഗെയില്‍ തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്.ക്രിസ് ഗെയിലിന്റെ സന്ദര്‍ശനം കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്കും ഏറെ അഭിമാനകരമായ നിമിഷമാണെന്ന് ടീം ഉടമ സുഭാഷ് മാനുവല്‍ പറഞ്ഞു. ‘ടീമിനോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പിന്തുണയും ആരാധകരുമായുള്ള ബന്ധവും ഒരു ആഗോള സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് വളര്‍ത്തിയെടുക്കാനുള്ള ഞങ്ങളുടെ ലക്ഷ്യത്തിന് കരുത്തേകും. കെസിഎല്‍ മൂന്നാം സീസണ്‍ അവിസ്മരണീയമാക്കാന്‍ എല്ലാ ആരാധകരുടെയും പിന്തുണയും വേണം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ് ഗെയിലിന്റെ സാന്നിധ്യം കേരള ക്രിക്കറ്റ് ലീഗിന് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടിക്കൊടുക്കും. ഒപ്പം ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളെ നേരില്‍ കാണാനുള്ള അപൂര്‍വ അവസരമാണ് ഇതിലൂടെ മലയാളി ആരാധകര്‍ക്ക് ഒരുങ്ങുന്നത്.



إرسال تعليق

0 تعليقات