ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമാണ് കാന്തപുരത്തിൻ്റെ പ്രതികരണം; പി കെ ശ്രീമതി


കണ്ണൂര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് പി കെ ശ്രീമതി. ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമായാണ് കാന്തപുരത്തിന്റെ പ്രതികരണം എന്നാണ് പി കെ ശ്രീമതിയുടെ വിമർശനം. സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങി ജീവിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം താമസിക്കുന്ന കോഴിക്കോട് ജില്ലയില്‍ തന്നെയല്ലേ ഇസ്‌ലാം മതത്തില്‍ നിന്നുള്ള പെണ്‍കുട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എയായതെന്ന് പി കെ ശ്രീമതി ചോദിച്ചു. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ഒരു മുസ്‌ലിം വനിതയായിരുന്നില്ലേ. അവരോട് ആര്‍ക്കെങ്കിലും ആദരവ് കുറഞ്ഞിട്ടുണ്ടോയെന്ന് പി കെ ശ്രീമതി ചോദിച്ചു. കോഫി വിത്ത് അരുണില്‍ ആയിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം. കാന്തപുരത്തിന്റെ കുടുംബത്തില്‍ നിന്ന് സ്ത്രീകള്‍ ആരും പുറത്തുപോകാറില്ലേയെന്നും പി കെ ശ്രീമതി ചോദിച്ചു. അവരുടെ മതത്തില്‍ പറയുന്ന ആചാരങ്ങളും സ്ത്രീ സരംക്ഷണവുമെല്ലാം ശരിയാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നതിനോട് സമരസപ്പെട്ട് പോകാന്‍ കഴിയില്ലെന്ന് പി കെ ശ്രീമതി പറഞ്ഞു. കേരളത്തിലും ഇന്ത്യയിലും എവിടെയും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരുമായിട്ടുള്ള മുസ്‌ലിം സഹോദരിമാര്‍ തിരിച്ച് കയറണം എന്നാണ് അദ്ദേഹം ആദ്യം പറയേണ്ടത് എന്നും പി കെ ശ്രീമതി വെല്ലുവിളിച്ചു. വിഷയത്തില്‍ തുടക്കം മുതല്‍ സിപിഐഎം ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണകര്‍ത്താക്കള്‍ മാത്രമല്ല എല്ലാവരും പ്രതികരിക്കാന്‍ തയ്യാറാകണം. വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ തനിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. സൈബര്‍ ആക്രമണം നടന്നോട്ടെയെന്ന് ശ്രീമതി പറഞ്ഞു. താന്‍ നല്ല കാര്യമാണ് പറഞ്ഞത്. തനിക്കെതിരെ ആക്രമണം നടത്തുന്നവരുടെ സഹോദരിമാരും ഉമ്മയും ബന്ധുക്കളുമാണ് പുറത്തിറങ്ങി നടക്കുന്നത്. സൈബര്‍ ആക്രമണത്തിന്റെ പേരില്‍ താന്‍ എന്തിന് ഭയപ്പെടണമെന്നും ശ്രീമതി ചോദിച്ചു. സ്ത്രീ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയില്‍ താന്‍ ഇനിയും നിലപാട് പറയും. അത് പറയാന്‍ തനിക്ക് ബാധ്യതയുണ്ടെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ പൊതുവേദിയില്‍ ഇറക്കരുതെന്ന് പറഞ്ഞ് സ്ത്രീ വിരുദ്ധത കുത്തിനിറച്ച് പ്രസ്താവന ഇറക്കിയതിന് പിന്നാലെ ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ചെയ്തത്. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടതുകൊണ്ടാണ് ഇസ്‌ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നായിരുന്നു കാന്തപുരം പറഞ്ഞത്. പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം. അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി ഇന്നലെ രംഗത്തെത്തിയിരുന്നു. കാന്തപുരം വീണ്ടും സ്ത്രീ വിരോധം ഛര്‍ദ്ദിച്ചുവെന്നായിരുന്നു ശ്രീമതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. പ്രായാധിക്യത്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാല്‍ കാലം ആയുധിക കേരളത്തിന് മാപ്പ് നല്‍കില്ലെന്നും ശ്രീമതി വിമര്‍ശിച്ചിരുന്നു. ശ്രീമതി പങ്കുവെച്ച പോസ്റ്റിന് താഴെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയിലായിരുന്നു കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവന ഇറക്കിയത്. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും അടക്കം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ 'പ്രദര്‍ശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്ഐ പറഞ്ഞത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്. സംഭവം വിവാദമായിരിക്കെ കാന്തപുരത്തെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു സമസ്ത ഇകെ വിഭാഗം സ്വീകരിച്ചത്.


Post a Comment

0 Comments