‘മത്സ്യത്തൊഴിലാളികൾക്ക് മുൻകൂട്ടി കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയില്ല, അപകടത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലും വീഴ്ച’: ഡോ. ടി എം തോമസ് ഐസക്


ഇത്തവണ കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് മുൻകൂട്ടി കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചില്ലെന്നും അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് കാലതാമസം ഉണ്ടായതായും ഡോ. ടി എം തോമസ് ഐസക്. ഇക്കാര്യങ്ങളിൽ ഉത്തരവാദിത്വമുള്ള സർക്കാർ സംവിധാനങ്ങളൊക്കെ നോക്കുകുത്തികൾ ആവുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊക്കെ ഉപരിയാണ് മുഖ്യമന്ത്രിയും സർക്കാരും മത്സ്യത്തൊഴിലാളികളോട് കാണിക്കുന്ന നിഷേധാത്മക സമീപനമെന്നും അദ്ദേഹം വിമർശിച്ചു. വിഴിഞ്ഞത്ത് കാണാതായ ജോണിൻ്റെ മകൾ ടെലിവിഷൻ ചാനലുകളിലൂടെ ചോദിച്ച ചോദ്യങ്ങൾ പ്രസക്തമാണ്. എഫ്ഐആർ എഴുതാൻ മാത്രമാണോ കോസ്റ്റ് ഗാർഡ് എന്നാണ് ഒരു ചോദ്യം. സമയത്ത് മുന്നറിയിപ്പ് നൽകാത്ത സർക്കാരിനോടാണ് മറ്റൊരു ചോദ്യം. ഇതിനൊക്കെ ഉപരിയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ വിവേചനപരമായ പ്രസ്താവന. മുഖ്യമന്ത്രി പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ മറ്റ് സ്ഥലങ്ങൾ സന്ദർശിച്ചു. പക്ഷേ, തിരുവനന്തപുരത്ത് ഉണ്ടായിട്ടും നീണ്ടകരയോ മുതലപ്പൊഴിയോ വിഴിഞ്ഞമോ സന്ദർശിക്കാൻ തയ്യാറായില്ല. മാത്രമല്ല, വിഴിഞ്ഞത്ത് കാണാതായ ജോണിൻ്റെ മകൾ ടെലിവിഷൻ ചാനലുകളിലൂടെ പറഞ്ഞത് പോലെ, കടൽത്തീരത്ത് പോയാലുള്ള അവസ്ഥ അറിയാമല്ലോ എന്നു പറഞ്ഞ് മത്സ്യത്തൊഴിലാളി സമൂഹത്തെ ആകെ ആക്ഷേപിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശൻ ഈ സമീപനം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഈ മൂന്നു സ്ഥലങ്ങളും സന്ദർശിക്കണം. വീടുകൾക്ക് ഉപജീവനം നേടിയിരുന്ന ഈ തൊഴിലാളികളുടെ മരണം അവരുടെ ജീവിതത്തെ ഒരു വഴിമുട്ടലിൽ എത്തിച്ചിരിക്കുകയാണ്. സർക്കാരിൻ്റെ പതിവ് നഷ്ടപരിഹാരം മാത്രം നൽകിയാൽ പോരയെന്നും ഈ കുടുംബങ്ങളിൽ ഒരാൾക്ക് വീതം സർക്കാർ ജോലി നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. കേരളത്തിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടൽ കൊണ്ടുണ്ടായ കെടുതികൾക്കൊപ്പം കടൽക്ഷോഭത്തിലും വലിയ നാശനഷ്ടങ്ങൾ ആണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ആഴ്ച ഉണ്ടായ പ്രകൃതി ദുരന്തത്തിൽ നാലു മത്സ്യത്തൊഴിലാളികൾ മരിക്കുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തു. കൊല്ലം നീണ്ടകരയിൽ യു രാജീവൻ (74), കടുവങ്കൽ രാധാകൃഷ്ണൻ (46) എന്നിവരും വിഴിഞ്ഞത്ത് ആൻ്റണി (61)യും മുതലപ്പൊഴിയിൽ ഫ്രീമോനും (26) ആണ് മരിച്ചത്. നീണ്ടകരയിലെ ഗൗതം കൃഷ്ണ (26), പുല്ലുവിള സ്വദേശി ജോൺ (54) അഞ്ചു തെങ്ങ് സ്വദേശി ഷിജിൻ (32) എന്നിവരെ ഏഴ് ദിവസം കഴിഞ്ഞിട്ടും കണ്ടുകിട്ടിയിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു.



Post a Comment

0 Comments