അരങ്ങിൽ നടന്റെയും നടിയുടെയും ശരീരം കഥാപാത്രത്തിന്റെ ഭാഷയും ആയുധവുമാണ് – സന്തോഷ് കീഴാറ്റൂർ‌

 

അരങ്ങിൽ നടനും നടിക്കും അവരുടെ ശരീരം കലയുടെയും കഥാപാത്രത്തിന്റെയും ഭാഷയും ആയുധവുമാണെന്ന് പ്രശസ്ത സിനിമാ-നാടക താരം സന്തോഷ് കീഴാറ്റൂർ പറഞ്ഞു. ‘മിസ’ നാടകത്തിനും ചിന്നൂസ് ചിലങ്ക എന്ന അഭിനേത്രിക്കും ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

1975-77 ലെ അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട ഭീകരതയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഇരയായി രക്തസാക്ഷിത്വം വരിച്ച സാംസ്കാരിക പ്രവർത്തകയും നടിയുമായ സ്നേഹലത റെഡ്ഡിയുടെ ജീവിതമാണ് മിസയിൽ അവതരിപ്പിക്കുന്നത്. സ്നേഹലതയുടെ ജീവിത ചരിത്രവും സന്തോഷ് കീഴാറ്റൂർ പങ്കുവെച്ചിട്ടുണ്ട്.

​അടിയന്തരാവസ്ഥയുടെയും മിസ നിയമത്തിന്റെയും ആദ്യത്തെ രക്തസാക്ഷികളിൽ ഒരാളായി സ്നേഹലത റെഡ്ഡി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടുവെന്നും ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലായി ഇന്നും അവരുടെ ജീവിതം നാടകങ്ങളിലൂടെയും സാഹിത്യത്തിലൂടെയും ചർച്ച ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.‘മിസ: ദ ലാസ്റ്റ് ബ്രെത്’ നാടകത്തിലെ ചിന്നൂസ് ചിലങ്കയുടെ ഒരു ഭാ​ഗം അശ്ലീല രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. മിസ നാടകം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ വീണ്ടും അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് പൊതുസമ്മേളന വേദിയിലാണ് നാടകം അരങ്ങിലെത്തുന്നത്.



Post a Comment

0 Comments