കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ അഭിലാഷങ്ങളുണ്ടെന്ന് സോനം വാങ്ചുക്. സ്ഥാപകര്‍ ആരും വിശുദ്ധരല്ലല്ലോ, തീര്‍ച്ചയായും അവര്‍ക്ക് രാഷ്ട്രീയ അഭിലാഷങ്ങളുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും വാങ്ചുക് കൂട്ടിച്ചേര്‍ത്തു. പ്രഖാര്‍ ഗുപ്തയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് വാങ്ചുകിന്റെ പരാമര്‍ശം.'രാഷ്ട്രീയത്തില്‍ താത്പര്യമുള്ളതായി അവര്‍ എന്നോട് പറഞ്ഞിട്ടില്ല. പക്ഷെ ഞാൻ അങ്ങനെ വിശ്വസിക്കുന്നു. രാഷ്ട്രീയ അഭിലാഷം ഉണ്ടാവുന്നതില്‍ തെറ്റില്ല. ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ല', സോനം വാങ്ചുക് പറഞ്ഞു. അഭിജീത് ദിപ്കെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നാണ് വന്നതെന്ന് നിരവധി വിമര്‍ശകര്‍ തന്നോട് പറഞ്ഞിരുന്നതായും എന്നാല്‍ മുമ്പ് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതില്‍ തെറ്റില്ലാത്തതിനാല്‍ അതൊന്നും തന്നെ അലട്ടിയില്ലെന്നും സോനം വാങ്ചുക്ക് വ്യക്തമാക്കി.
അതേസമയം, കോക്രോച്ച് ജനതാ പാര്‍ട്ടി നേരത്തെ സംഘടനാ വിപുലീകരണം പ്രഖ്യാപിച്ചിരുന്നു. ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത് സോണുകളാക്കി തിരിക്കുകയും സംഘടനാ ജോയിന്റ് സെക്രട്ടറി, രണ്ട് ദേശീയ വക്താക്കള്‍ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സംഘടനയെ ശക്തിപ്പെടുത്തുന്നതിനൊപ്പം താഴെത്തട്ടില്‍ സാന്നിധ്യം ഉറപ്പിക്കുകയും ലക്ഷ്യമിട്ടാണ് നടപടി. പ്രദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സിജെപി അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഇതുവരെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിട്ടില്ല.
സെപ്തംബര്‍ അഞ്ചിന് സിജെപി വീണ്ടും രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാ ഗേറ്റില്‍ നിന്നും ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റവരും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കും എന്നാണ് വിവരം. രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ പിന്‍വലിക്കുകയോ റദ്ദാക്കുകയോ ചെയ്യുക, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ കാര്യങ്ങളിലുള്ള വാഗ്ദാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.



.gif)


0 Comments