കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ തുരങ്കത്തിൽ കുടുങ്ങിയ ഒരാളെ കൂടി രക്ഷപ്പെടുത്തി. ചൈനീസ് പൗരനെയാണ് 11 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. അപ്പർ ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിനുള്ളിൽ നിന്നാണ് ഇയാളെ പുറത്തെത്തിച്ചത്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ചൈനീസ് പൗരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ത്രിശൂലിയിലെ സൈനിക ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. നേപ്പാൾ സൈന്യവും ദക്ഷിണ കൊറിയൻ ദുരന്തനിവാരണ സംഘവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് രണ്ട് പേരെ കൂടി രക്ഷപ്പെടുത്തിയിരുന്നു. ഇതോടെ തുരങ്കത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയ തൊഴിലാളികളുടെ എണ്ണം മൂന്നായി. 738 അടി നീളമാണ് അപ്പർ ത്രിശൂലിയിലെ ഈ തുരങ്കത്തിനുള്ളത്. തുരങ്കത്തിനുള്ളിൽ ചിലർ ഇപ്പോഴും ജീവനോടെയുണ്ടാകാമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. എന്നാൽ എത്രപേരുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല.അതേസമയം, രാജ്യത്തെ ദുരന്തനിവാരണ ഏജൻസിയുടെ കണക്കുകൾ പ്രകാരം, പ്രളയത്തിലകപ്പെട്ട് 1,344 പേരാണ് മരിച്ചത്. ടിബറ്റ് മേഖലയിൽ 31 മരണം സ്ഥിരീകരിച്ചു. DNA സാമ്പിൾ ശേഖരിച്ച ശേഷം 1,030 മൃതദേഹങ്ങളാണ് സംസ്കരിച്ചത്.






0 Comments