ഇന്ത്യയിൽ 125 സിസി ബൈക്കുകൾക്ക് പ്രിയമേറുന്നതായി വിപണി സൂചിപ്പിക്കുന്നു. ഇരുചക്ര വാഹന വിപണിയിൽ 2025 നേക്കാൾ വലിയ വളർച്ചയാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ചും 125 സിസി ബൈക്കുകളിലാണ് ഈ വർധനവ് കാണാനാകുന്നത്. ഹോണ്ട ഷൈൻ, ടിവിഎസ് റൈഡർ, ഹീറോ സ്പ്ലൻഡർ, ബജാജ് പൾസർ, ഹീറോ ഗ്ലാമർ, ഹോണ്ട ഹോർണറ്റ് തുടങ്ങിയവയാണ് 125 സിസിയിൽ ജനപ്രിയ ബൈക്കുകൾ. വിപണിയിൽ വലിയ മുന്നേറ്റം സൃഷ്ടിച്ചത് ഹോണ്ടയുടെ ഷൈൻ+എസ്പി (Honda Shine + SP) ആണ്. 2025 ൽ 1,38,665 ബൈക്കുകളാണ് വിറ്റഴിച്ചതെങ്കിൽ 2026 ജൂലൈ വരെ ഇത് 1,76,756 ആണ്. ഏകദേശം 38,091 ന്റെ വർധന. തൊട്ടടുത്തായി നിൽക്കുന്നത് ടിവിഎസ് റൈഡറാണ്. 9,614 എണ്ണത്തിന്റെ വർധനവാണ് ഒരു വർഷത്തിനുള്ളിൽ ഉണ്ടായത്. എന്നാൽ ബജാജ് പൾസർ മുൻവർഷത്തെ അപേക്ഷിച്ച് വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിൽപനയിൽ പതിനഞ്ചായിരത്തിലധികമാണ് കുറവ് വന്നിട്ടുള്ളത്. ഹീറോ ഗ്ലാമർ രണ്ടായിരം, ഹീറോ സ്പ്ലെൻഡർ അയ്യായിരം എന്നിങ്ങനെയാണ് വർധന രേഖപ്പെടുത്തിയിട്ടുള്ളത്. 150-200 സിസി, 200-350 സിസി, 350-450 സിസി പതിപ്പുകളേക്കാൾ വലിയ മുന്നേറ്റമാണ് 125 സിസി ബൈക്കുകളിൽ ഉണ്ടായിരിക്കുന്നത്. കൂടിയ മൈലേജ്, കുറഞ്ഞ മെയിന്റനൻസ് ചെലവ്, വാങ്ങൽ ശേഷി എന്നിവയെല്ലാം കണക്കാക്കിയാണ് ഇന്ത്യൻ ഉപഭോക്താക്കൾ 125 സിസി വാഹനങ്ങളെ ആശ്രയിക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.





0 تعليقات