രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. പൊലീസുകാരാണെന്ന് ചമഞ്ഞാണ് 17കാരിയെ 3 അംഗ സംഘം പീഡിപ്പിച്ചത്. ഇന്നലെ രാത്രി 7.30ന് ദില്ലിയിലെ കൽക്കാജി മന്ദിർ പരിസരത്താണ് സംഭവം. സംഭവത്തിൽ പതിനേഴുകാരി പരാതി നൽകിയതായാണ് വിവരം. ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്. 25നും 30നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. പ്രതികളിൽ ഒരാളെ ഏറ്റുമുട്ടലിലൂടെ പൊലീസ് പിടികൂടുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ പ്രതിയെ കണ്ടെത്തുന്നത്. ഇതിനുപിന്നാലെ പൊലീസ് സംഘവുമായുള്ള വെടിവെപ്പിനുശേഷമാണ് ഇയാൾ പിടിയിലാകുന്നത്. മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കൽക്കാജി ക്ഷേത്രം സന്ദർശിച്ച ശേഷം പെൺകുട്ടിയും സുഹൃത്തും അടുത്തുള്ള പാർക്കിൽ എത്തിയപ്പോളാണ് സംഭവം. പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മൊഴിയെടുക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികൾക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇതിനു മുമ്പും നിരവധി തവണയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ദില്ലിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും ഒടുവിൽ ഓടുന്ന സ്ലീപ്പർ ബസിനുള്ളിൽ 16കാരി ബലാത്സംഗത്തിന് ഇരയാക്കിയ സംഭവവും പുറത്തുവന്നിരുന്നു.





0 تعليقات