പവർ കാണിച്ച് പാർവതി!, 187ൽ നിന്നും 277 തിയേറ്ററുകളിലേക്ക് കുതിച്ചുയർന്ന് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'


പാർവതി കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമായ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ആദ്യ ഷോ മുതൽ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും നേടാനായത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ ഷോകളുടെ എണ്ണം വർധിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ തിയേറ്ററുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിരിക്കുകയാണ്. ആദ്യ ആഴ്ചയിൽ 187 തിയേറ്ററുകൾ മാത്രം പ്രദർശനം നടത്തിയിരുന്ന PDK ഇപ്പോൾ 277 തിയേറ്ററുകളിലേക്ക് സ്‌ക്രീനുകൾ വർധിപ്പിച്ചിരിക്കുകയാണ്. മലയാള സിനിമയിൽ അടുത്ത കാലത്ത് വന്ന മികച്ച ത്രില്ലറുകളിൽ ഒന്നാണ് ചിത്രമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. തിരക്കഥയ്ക്കും മേക്കിങ്ങിനും പെർഫോമൻസിനുമെല്ലാം വലിയ കയ്യടികളാണ് ഉയരുന്നത്. നായികയായ പാർവതി മുതൽ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ മാത്യു തോമസ് അടക്കം ഓരോരുത്തരും തങ്ങളുടെ ഭാഗം ഏറ്റവും ഗംഭീരമായി തന്നെ സ്‌ക്രീനിലെത്തിച്ചു എന്നാണ് കമന്റുകൾ. വിജയരാഘവൻ, ഉണ്ണിമായ, സിദ്ധാർത്ഥ് ഭരതൻ, വിനയ് ഫോർട്ട് എന്നിവരുടെ പ്രകടനവും സിനിമയെ ശക്തമാക്കുന്നു എന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പൊലീസ് സേനയ്ക്കുള്ളിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങൾക്കൊപ്പം ഓരോ കഥാപാത്രത്തിനും പല ലെയറുകൾ നൽകിയാണ് സിനിമയൊരുക്കിയിരിക്കുന്നത് എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. വളരെ കൃത്യമായി ഒരുക്കിയ സ്‌ക്രിപ്റ്റും അതിനോട് ചേർന്ന് നിൽക്കുന്ന മേക്കിങ്ങുമാണ് സിനിമയുടെ പ്രധാന പ്ലസ് പോയിന്റ് എന്നും സമൂഹമാധ്യമങ്ങളിൽ ഉയരുന്ന കമന്റുകളിലുണ്ട്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. മുജീബ് മജീദ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. പി എസ് സുബ്രമണ്യനും വിജേഷ് തോട്ടിങ്ങലുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.



Post a Comment

0 Comments