ഒമാൻ - യുഎഇ റെയിൽ പദ്ധതി; പരീക്ഷണ ഓട്ടം 2027 അവസാനത്തോടെ ആരംഭിക്കും


ഒമാനെയും യുഎഇയെയും പരസ്പരം ബന്ധിപ്പിക്കുന്ന ആദ്യ റെയിൽവേ പദ്ധതിയുടെ പരീക്ഷണ ഓട്ടം 2027 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ആരംഭിക്കും. രണ്ട് ഗൾഫ് അയൽരാജ്യങ്ങൾക്കുമിടയിൽ യാത്രാ-ചരക്ക് തീവണ്ടി ഗതാഗതം ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ഈ പദ്ധതിയുടെ വിവരങ്ങൾ ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതികവിദ്യ മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മആവാലിയാണ് വ്യക്തമാക്കിയത്. 238 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കൂറ്റൻ റെയിൽവേ പദ്ധതി 'ഹഫീത് റെയിൽ' (Hafeet Rail) എന്ന കമ്പനിയാണ് വികസിപ്പിക്കുന്നത്. ഒമാൻ റെയിൽ, ഇത്തിഹാദ് റെയിൽ, മുബാദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമാണ് ഹഫീത് റെയിൽ. അൽ ബുറൈമി, അൽ ഐൻ വഴി ഒമാനിലെ സുഹാർ തുറമുഖ നഗരത്തെ യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയുമായി ഈ പാത നേരിട്ട് ബന്ധിപ്പിക്കും. തുറമുഖങ്ങൾ, വ്യാവസായിക മേഖലകൾ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ എന്നിവയെ തമ്മിൽ കോർത്തിണക്കുന്ന ഈ ശൃംഖല ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര-യാത്രാ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കും. സുഹാർ, അൽ ബുറൈമി, വാദി അൽ ജിസ്സി, അൽ ഐൻ തുടങ്ങിയ മേഖലകളിലായി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. പദ്ധതിയുടെ 40 ശതമാനത്തിലധികം പണികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. മലനിരകളും നഗരപ്രദേശങ്ങളും കടന്നുപോകുന്ന ഈ പാതയിൽ 2.5 കിലോമീറ്റർ നീളമുള്ള തുരങ്കങ്ങളും നിരവധിയായ മേൽപ്പാലങ്ങളും അടിപ്പാതകളും ഉൾപ്പെടുന്നുണ്ട്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഇതിലെ യാത്രാ തീവണ്ടികൾ. ഇത് പൂർത്തിയാകുന്നതോടെ സുഹാർ, അൽ ഐൻ, അബുദാബി തുടങ്ങിയ നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയും. അതിവേഗ യാത്രാ സൗകര്യത്തിനൊപ്പം ഇരുരാജ്യങ്ങളിലെയും വ്യവസായ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ചരക്ക് നീക്കത്തിനും ഈ റെയിൽവേ ശൃംഖല പ്രധാന പങ്കുവഹിക്കും.



Post a Comment

0 Comments