ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ 31ന്റെ വി.ഐ.പി പാക്കുകൾക്കായുള്ള പ്രീ-ഓർഡർ സെപ്റ്റംബർ 21ന് തുടങ്ങും. സെപ്റ്റംബർ 26 മുതൽ പൊതുവിൽ വിൽപന ആരംഭിക്കും. കൊക്കകോള അരീനയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പാക്കുകൾ സ്വന്തമാക്കാനാകുക. പുതിയ സീസണിൽ ഒരു വി ഐ പി പാക്ക് ഉടമയ്ക്ക് 31,000 ദിർഹം സമ്മാനം ലഭിക്കും. പാക്കുകളിൽ ഒന്നിനുള്ളിൽ ഒളിപ്പിച്ച ചെക്കായിരിക്കും സമ്മാനം. ‘സ്റ്റോറി ബുക്ക്’ മാതൃകയിലാണ് ഇത്തവണത്തെ വി ഐ പി പാക്ക്. ഗ്ലോബൽ വില്ലേജിന്റെ യാത്രയെ ഓർമിപ്പിക്കുന്ന രൂപകൽപനയ്ക്കൊപ്പം ഏഴ് പ്രത്യേക പിൻ, വി.ഐ.പി പാർക്കിങ്, പ്രവേശന ടിക്കറ്റുകൾ, വണ്ടർ പാസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ഡയമണ്ട് പാക്കിന് 7,900 ദിർഹം, പ്ലാറ്റിനം പാക്കിന് 3,490 ദിർഹം, ഗോൾഡ് പാക്കിന് 2,490 ദിർഹം, സിൽവർ പാക്കിന് 1,890 ദിർഹം എന്നിങ്ങനെയാണ് വില. ഗ്ലോബൽ വില്ലേജ് ആനുകൂല്യങ്ങൾക്കൊപ്പം ദുബായ് പാർക്സ് ആൻഡ് റിസോർട്സിലെ പാസുകളും ടിക്കറ്റുകളും ഉൾപ്പെടുന്ന മെഗാ ഗോൾഡ്, മെഗാ സിൽവർ പാക്കുകളും ലഭ്യമാകും. 18 വയസിന് മുകളിലുള്ള സാധുവായ എമിറേറ്റ്സ് ഐഡി ഉടമകൾക്ക് പാക്കുകൾ വാങ്ങാം. ഒരാൾക്ക് ഒരു പാക്ക് മാത്രമാണ് അനുവദിക്കുക. ഒക്ടോബർ 14നാണ് ഗ്ലോബൽ വില്ലേജ് സീസൺ 31ന് തുടക്കമാകുന്നത്.




0 Comments