മിഡിൽ ഈസ്റ്റിലെ ചലച്ചിത്രങ്ങളെയും സിനിമാ പ്രവർത്തകരെയും ആദരിക്കുന്ന ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേള തിരിച്ചെത്തുന്നു. മേളയുടെ അടുത്ത പതിപ്പ് 2027 ഡിസംബർ എട്ടിന് ആരംഭിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. അറബ് മീഡിയ ഉച്ചകോടിയിൽ ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറും ദുബായ് പ്രസ് ക്ലബ്ബ് പ്രസിഡന്റുമായ മോന ഘാനം അൽ മറിയാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് മീഡിയയുടെ മേൽനോട്ടത്തിലാണ് ചലച്ചിത്ര മേള പുനരാരംഭിക്കുന്നത്. അറബ് സിനിമകളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനും സിനിമാ പ്രവർത്തകരെയും വിവിധ സംസ്കാരങ്ങളെയും തമ്മിൽ കൂട്ടിയോജിപ്പിക്കുന്നതിനുമായി 2004-ലാണ് മേള ആദ്യമായി സംഘടിപ്പിച്ചത്. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ വലിയ ചലച്ചിത്ര മാമാങ്കം പുതിയ രൂപത്തിൽ വീണ്ടും തിരിച്ചെത്തുന്നത്. തങ്ങളുടെ 14 വർഷത്തെ മുൻകാല പ്രവർത്തനത്തിലൂടെ മേഖലയിലെ ഏറ്റവും പ്രമുഖ ചലച്ചിത്ര വേദികളിലൊന്നായി മാറാൻ ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സാധിച്ചിരുന്നുവെന്ന് മോന അൽ മറി പറഞ്ഞു. നൂറുകണക്കിന് അറബ് പ്രതിഭകൾക്കും നിർമ്മാണ സംരംഭങ്ങൾക്കും അവസരങ്ങൾ തുറന്നുനൽകിയ മേള, ദുബായിയെയും യുഎഇയെയും ആഗോള സിനിമാ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചതെന്നും അവർ വ്യക്തമാക്കി.





0 تعليقات