സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണമെന്ന് കെ എസ് ഇ ബിയുടെ മുന്നറിയിപ്പ്. വൈകുന്നേരം 06:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമാണ് ഇതിന് ഒരു പ്രധാന കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ പീക്ക് ഡിമാൻഡ് 5496 മെഗാവാട്ടാണ്. ഇത് സാധാരണ വേനൽക്കാലങ്ങളിലെ ഡിമാൻഡിന് തുല്യമാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് നിലവിലെ ഡിമാൻഡ് ഏകദേശം 1200 മെഗാവാട്ടോളം കൂടിയിട്ടുണ്ടെന്നും കെ എസ് ഇ ബി അറിയിച്ചു. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചിലൂടെയുള്ള ലഭ്യതയിലും കാര്യമായ കുറവുണ്ട്. ദേശീയതലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ടായിട്ടുണ്ട്. കൂടാതെ, മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമല്ലാത്തതിനാൽ അധിക പ്രതിസന്ധിയുമുണ്ടെന്നാണ് കെ എസ് ഇ ബി നൽകുന്ന വിശദീകരണം. ദേശീയ ലോഡ് ഡെസ്പാച്ച് സെൻ്ററിന്റെ മുന്നറിയിപ്പ് പ്രകാരം രാജ്യത്ത് വൈദ്യുതി ആവശ്യകത വീണ്ടും 5000 മെഗാവാട്ട് വരെ കൂടാനും കാറ്റാടി നിലയങ്ങളിലെ ഉത്പാദനം കുറയാനും സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴിയുള്ള ലഭ്യതക്കുറവും ഗ്രിഡ് ഫ്രീക്വൻസി താഴുന്നതുമായ സാഹചര്യം കണക്കിലെടുത്ത്, ഇന്ന് വൈകുന്നേരം 06:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ സംസ്ഥാനത്ത് ആവശ്യമായി വന്നാൽ വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് അറിയിപ്പ്.





0 تعليقات