പ്രമുഖ ആഗോള വിവരസാങ്കേതികവിദ്യാ സേവന ദാതാക്കളായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്.), നിർമ്മിതബുദ്ധി (എ.ഐ.) അധിഷ്ഠിത ഉത്പാദന മേഖലയിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് പൂനെയിൽ ഒരു സവിശേഷ ലാബ് സ്ഥാപിച്ചു. പൂനെയിലെ സഹ്യാദ്രി പാർക്ക് കാമ്പസിലാണ് 'ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ആൻഡ് എഞ്ചിനീയറിംഗ് ലാബ്' എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക സൗകര്യം പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ 'ലൈറ്റ്സ്-ഔട്ട് ഫാക്ടറി ലാബ്' എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യന്റെ പരിമിതമായ ഇടപെടലുകൾ മാത്രം ഉൾപെടുത്തികൊണ്ട് സ്വയംഭരണ സംവിധാനങ്ങൾക്കും റോബോട്ടുകൾക്കും മാത്രം പ്രവർത്തിക്കാൻ കഴിയുന്ന അത്യാധുനിക ഉത്പാദനശാലകളെയാണ് 'ലൈറ്റ്സ്-ഔട്ട് ഫാക്ടറി' എന്ന് വിളിക്കുന്നത്. ഈ പുതിയ സാങ്കേതികവിദ്യയുടെ വികാസമാണ് ലാബിലൂടെ ടി.സി.എസ്. ലക്ഷ്യമിടുന്നത്.ടാറ്റാ കൺസൾട്ടൻസി സർവീസസ് സമർപ്പിച്ച ഔദ്യോഗിക നിയന്ത്രണ ഫയലിംഗിലാണ് ഈ സുപ്രധാന വിവരങ്ങൾ വ്യക്തമാക്കിയത്. പൂർണ്ണമായും റോബോട്ടിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഒരു ബാറ്ററി പാക്ക് അസംബ്ലി ലൈൻ ഈ പുതിയ അത്യാധുനിക ലാബിൽ ഒരുക്കിയിട്ടുണ്ട്. തത്സമയം പ്രവർത്തിക്കുന്ന ഈ മൾട്ടി-സ്റ്റേജ് സംവിധാനം വഴി നിർമ്മാതാക്കൾക്ക് അവരുടെ നിർമ്മിതബുദ്ധി അധിഷ്ഠിത ഉത്പാദന പ്രക്രിയകളുടെ മാതൃകകൾ നിർമ്മിക്കാനും അവയുടെ പ്രവർത്തനക്ഷമത മുൻകൂട്ടി വിലയിരുത്താനും സാധിക്കും. അതോടൊപ്പം, വലിയ തോതിലുള്ള ഉത്പാദന സംവിധാനങ്ങളിലേക്ക് മാറുമ്പോൾ ഉണ്ടാകാനിടയുള്ള സാങ്കേതികവും സാമ്പത്തികവുമായ അപകടസാധ്യതകൾ ഗണ്യമായി കുറയ്ക്കാൻ ഈ സൗകര്യം സഹായിക്കുമെന്നും കമ്പനി അറിയിച്ചു.
സാങ്കേതികവിദ്യകളുടെ കാര്യക്ഷമമായ സംയോജനമാണ് ഈ ലാബിൽ ദൃശ്യമാകുന്നത്. ഡിജിറ്റൽ ട്വിൻസ്, റോബോട്ടിക്സ്, ഇൻഡസ്ട്രിയൽ നിർമ്മിതബുദ്ധി, ഫാക്ടറി നിയന്ത്രണ സംവിധാനങ്ങൾ, തത്സമയ പ്രവർത്തന വിവരങ്ങൾ എന്നിവ കോർത്തിണക്കി, ഭാവിയിലെ സ്വയംഭരണ ഫാക്ടറികൾക്ക് എങ്ങനെ തനിയെ ജോലികൾ നിർവ്വഹിക്കാൻ സാധിക്കും എന്ന് ഈ ലാബിലൂടെ കമ്പനി പ്രായോഗികമായി തെളിയിക്കുന്നു.
നിർമ്മിതബുദ്ധിക്ക് മുൻഗണന നൽകുന്ന ഉത്പാദന സംവിധാനങ്ങൾ വികസിപ്പിക്കുക എന്ന ടി.സി.എസ്സിന്റെ ദീർഘവീക്ഷണത്തിന്റെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഇതെന്ന് കമ്പനിയുടെ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ആൻഡ് എഞ്ചിനീയറിംഗ് വിഭാഗം ഗ്ലോബൽ ഹെഡും വൈസ് പ്രസിഡന്റുമായ ശ്രീനിവാസ ചക്രവർത്തി വ്യക്തമാക്കി. മനുഷ്യനും നിർമ്മിതബുദ്ധിയും ഒത്തുചേർന്ന് പ്രവർത്തിക്കുന്ന മാതൃകകൾ വഴി വ്യവസായങ്ങൾക്ക് ഡിജിറ്റൽ സംവിധാനങ്ങളിൽ നിന്ന് പൂർണ്ണമായ സ്വയംഭരണ ഉത്പാദന തലത്തിലേക്ക് എങ്ങനെ ഉയരാൻ സാധിക്കും എന്ന് ഈ പരീക്ഷണശാല വ്യക്തമായി കാണിച്ചുതരുന്നു.






0 Comments