ഗതാഗത കമ്മീഷണറും മന്ത്രിയുടെ ഓഫീസും തമ്മിൽ അഭിപ്രായഭിന്നത; ഗതാഗത വകുപ്പിൽ പടലപ്പിണക്കം രൂക്ഷമാകുന്നു

 

ഗതാഗത വകുപ്പിൽ പടലപ്പിണക്കം രൂക്ഷമാകുന്നു. ഗതാഗത കമ്മീഷണറും മന്ത്രിയുടെ ഓഫീസും തമ്മിൽ അഭിപ്രായഭിന്നത. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച കാര്യങ്ങളിൽ ഇടപെട്ട് മന്ത്രിയുടെ ഓഫീസ്. ക്ലർക്ക് മുതൽ ജോയിൻ്റ് ആർടിഒ വരെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങളിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ.മാനദണ്ഡങ്ങൾ മറികടന്ന് സ്ഥലംമാറ്റം നടത്താൻ മന്ത്രിയുടെ ഓഫീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകുന്നതായി വിവരം. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ആകില്ലെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.

അതേസമയം ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത മന്ത്രി സി പി ജോണും ഉദ്യോഗസ്ഥരും പല കാര്യങ്ങളില്‍ അഭിപ്രായ ഭിന്നത ഉണ്ടായതോടെയാണ് അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ അടക്കം മാറ്റിയേക്കും. കമ്മീഷണര്‍ സ്വീകരിക്കുന്ന പല നിലപാടുകളിലും ഗതാഗത മന്ത്രി സി പി ജോണിന് കടുത്ത അമര്‍ഷമുണ്ട്.

സമീപകാലത്തുണ്ടായ വിവാദ വിഷയങ്ങളില്‍ അടക്കം ഉദ്യോഗസ്ഥ നിലപാടുകളില്‍ മന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പത്തനംതിട്ടയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ വാഹനത്തിന് പിഴ ചുമത്തിയതും മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിലും ഗതാഗത വകുപ്പ് വലിയ രീതിയില്‍ പഴികെട്ടിരുന്നു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് കമ്മീഷണര്‍ സ്വീകരിക്കുന്നതായും മന്ത്രിക്ക് ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥരെ മാറ്റണമെന്ന കാര്യം മന്ത്രി ഉടന്‍ മുഖ്യമന്ത്രിയെ അറിയിക്കും.

യുഡിഎഫ് സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്ന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ലേ എന്ന തരത്തിലുള്ള ചില അടക്കം പറച്ചിലുകളാണ് സെക്രട്ടേറിയറ്റിലുള്ളത്. മന്ത്രി പറയുന്ന കാര്യങ്ങള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുക്കില്ലെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നു എന്ന പേരിലാണ് ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നത്.



Post a Comment

0 Comments