സണ്ണി ജോസഫിൻ്റെ പ്രസംഗത്തിനിടെ കറണ്ട് പോയി; പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിച്ച് മന്ത്രി മടങ്ങി

 

പവർകട്ട് വൈദ്യുതി മന്ത്രിക്കും പണിയായി. സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി. വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിച്ച് മന്ത്രി മടങ്ങി. കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് വൈദ്യുതി മുടങ്ങിയത്. എന്നാല്‍ അത് വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്നുള്ള പ്രശ്‌നമല്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. രാവിലെ മുതല്‍ പലസമയത്തായി ഉണ്ടാകുന്ന അപ്രതീക്ഷിത പവര്‍ക്കട്ടില്‍ ഉപജീവനം പോലും മുടങ്ങുന്ന സാഹചര്യത്തിലെത്തിയതോടെ കെഎസ്ഇബിക്കും സര്‍ക്കാരിനുമെതിരെ പ്രതിഷേധം വ്യാപകമായി. പകല്‍ സമയത്തെ കനത്ത ചൂടില്‍ വലയുന്ന ജനത്തിന് ഇരുട്ടടിയാവുകയാണ് ഇടവിട്ടുള്ള കറന്റ് കട്ട്.സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നും സ്വിച്ച് ഇട്ടതുപോലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നുമാണ് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞത്. അഖിലേന്ത്യാ തലത്തില്‍ തന്നെ ഉത്പാദനം കുറയുകയും ആവശ്യം കൂടുതയും ചെയ്യുമ്പോള്‍ വിതരണം കുറയുമെന്നും മന്ത്രി പറഞ്ഞു. സോളാര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രികാലങ്ങളില്‍ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാന്‍ സ്‌കീം ആരംഭിച്ചിട്ടുണ്ടെന്നും കേരളം വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉത്പാദിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഈ മേഖലയില്‍ സാധ്യമല്ല. ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്. പ്രയാസം മനസ്സിലാക്കുന്നു. താനും സാധാരണക്കാരനായി ജീവിച്ച പൊതുപ്രവര്‍ത്തകനാണ്. പ്രയാസങ്ങള്‍ അറിയാം എന്നും മന്ത്രി പറഞ്ഞു. പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കും. അനുവദനീയമായ വിലയ്ക്ക് എവിടുന്ന് വേണമെങ്കിലും വൈദ്യുതി വാങ്ങാന്‍ വകുപ്പ് തയ്യാറാണ്. സാധ്യതകള്‍ തേടുന്നുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.



إرسال تعليق

0 تعليقات