.jfif)
കൊച്ചി: എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അറസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അർജൻ്റീന ടീമിൻ്റെ വരവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ചുമതലപ്പെട്ട എസ്ഐടി നടത്തിയ പരിശോധനയിൽ ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ തറവാട്ട് വീട്ടില്‍ നിന്ന് മദ്യം പിടിച്ചെന്ന ആരോപണത്തിൽ കുറ്റം ചുമത്തിയായിരുന്നു എക്സൈസ് ആൻ്റോ അഗസ്റ്റിനെ വ്യാഴാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നു അറസ്റ്റെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. അര്‍ജന്റീനയുടെ വരവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ഹെഡ് ഓഫീസിലെത്തിയ എസ്ഐടി സംഘത്തിൻ്റെ 21 മണിക്കൂറോളം നീണ്ട പരിശോധനയിൽ കുറ്റകരമായത് ഒന്നും കണ്ടെത്താത്തതിന് പിന്നാലെയായിരുന്നു എക്സൈസിൻ്റെ നീക്കം. തിരച്ചിൽ പൂർത്തിയാക്കി എസ്ഐടി സംഘം പുലർച്ചെ 2.30ഓടെ മടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം റിപ്പോർട്ടറിൻ്റെ ഓഫീസിൽ എത്തിയത്. കേസുണ്ട് അറസ്റ്റ് ചെയ്യണം എന്ന് അറിയിച്ചതല്ലാതെ അനുബന്ധ രേഖകളൊന്നും വയനാട്ടിൽ നിന്നെത്തിയ എക്സൈസ് സംഘത്തിൻ്റെ കൈവശം ഉണ്ടായിരുന്നില്ല. എഫ്ഐആറോ മറ്റ് അനുബന്ധ രേഖകളോ കൈമാറാതെ ഏതാണ്ട് രണ്ടര മണിക്കൂർ നേരമാണ് എക്സൈസ് സംഘം ആൻ്റോ അഗസ്റ്റിനെ റിപ്പോർട്ടർ ഓഫീസിൽ തടഞ്ഞ് വെച്ചത്. ഒടുവിൽ പുലർച്ചെ 4.30നായിരുന്നു എക്സൈസ് സംഘം എഫ്ഐആർ കൈമാറിയത്. ഇതിന് പിന്നാലെയായിരുന്നു ആൻ്റോ അഗസ്റ്റിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആൻ്റോ അഗസ്റ്റിനെ ഹാജരാക്കിയിരുന്നു. കീഴ് കോടതിക്ക് ജാമ്യം അനുവദിക്കാൻ കഴിയാത്ത വകുപ്പുകൾ ചുമത്തിയിരുന്ന കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആൻ്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്.

0 تعليقات