ഇന്നലെ അനുഭവപ്പെട്ടത് മേഘവിസ്‌ഫോടനം അല്ല; ചെറിയ സമയത്തിനുള്ളില്‍ പെയ്യുന്ന അതിതീവ്രമഴ അപകടകാരി'.

 

ചെറിയ സമയത്തിനകം അതിതീവ്രമായ മഴ പെയ്യുന്ന സാഹചര്യം നിലവിലുണ്ടെന്ന് കേരള കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ നീത കെ ഗോപാല്‍. ഇത്തരം ശക്തമായ മഴകള്‍ മണ്ണിടിച്ചിലിനോ മിന്നല്‍ പ്രളയത്തിനോ കുത്തൊഴുക്കിനോ കാരണമാകുമെന്നും അഞ്ചോ പത്തോ കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമായിരിക്കും ഇത്തരത്തില്‍ മഴ പെയ്യുകയെന്നും നീത കെ ഗോപാല്‍ വിശദീകരിക്കുന്നു. മുന്നറിയിപ്പ് ഇല്ലാതെ എത്തുന്ന ഈ മഴകള്‍ വലിയ അപകടങ്ങള്‍ക്കും കാരണമാകുമെന്നും നീത  പറഞ്ഞു. കേരളത്തില്‍ ഇന്നലെ അനുഭവപ്പെട്ട അപ്രതീക്ഷിത മഴയ്ക്കും മലവെള്ളപ്പാച്ചിലിനും കാരണം മേഘവിസ്‌ഫോടനം അല്ലെന്നും നീത വ്യക്തമാക്കി.

'കേരളത്തിന്റെ കരഭാഗങ്ങള്‍ നന്നായി ചൂടായിക്കിടക്കുകയായിരുന്നു. ആ ഘട്ടത്തിലാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ഉണ്ടായതിന്റെ ഫലമായി ശക്തമായ മഴ പെയ്തത്. ചൂട് കൂടിക്കിടക്കുമ്പോള്‍ ഉണ്ടാകുന്ന മഴമേഘങ്ങള്‍ വളരെ ഉയരത്തിലുള്ള ഇടിമേഘങ്ങള്‍ ആയിരിക്കും. അതില്‍ നിന്നുണ്ടാകുന്ന മഴയും അതി ശക്തമായിരിക്കും', നീത വിശദീകരിച്ചു. കാലാവസ്ഥാ വ്യതിയാനവും എല്‍നിനോ ഇത്തരം മഴയുടെ പ്രധാനകാരണമെന്നും നീത വ്യക്തമാക്കി.ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ സെപ്തംബര്‍ 21 മുതല്‍ 25വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സെപ്തംബര്‍ 21, 23, 24, 25 ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.


സെപ്റ്റംബര്‍ 21, 22 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 -40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്.



إرسال تعليق

0 تعليقات