സിനിമയിലും ജീവിതത്തിലും ഏഴൈ തോഴന്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി വിജയ് പ്രായമായ ഒരമ്മയ്ക്ക് കൊടുത്ത സ്‌നേഹസമ്മാനം


സേലം: വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും ഏഴൈ തോഴനാണ് താനെന്ന് തെളിയിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സേലം ജില്ലയിലെ മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനിടെ വിജയ് ഒരമ്മയ്ക്ക് നല്‍കിയ സ്‌നേഹ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് പരകായ പ്രവേശം നടത്തുമ്പോഴും ദളപതി വിജയ് ഏഴൈ തോഴന്‍ തന്നെ. രക്ഷകനെന്ന പരിഹസിച്ചവര്‍ക്കും രാഷ്ട്രീയക്കാരന്റെ കുപ്പായം ചേരില്ലെന്ന് വിധിയെഴുതിയവര്‍ക്കും അയാള്‍ അനുദിനം മറുപടി പറഞ്ഞു കൊണ്ടേയിരിക്കുന്നു. യഥാര്‍ഥ ജനനായകന്‍ ജനങ്ങള്‍ക്കിടയില്‍ തന്നെയായിയിരിക്കുമെന്ന് അടിവരയിടുകയാണ് വിജയ്യുടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഹൃദയഹാരിയായി ഈ ദൃശ്യങ്ങള്‍. താന്‍ ധരിച്ചിരുന്ന വിലമതിക്കുന്ന കണ്ണട ഒരമ്മയ്ക്ക് സമ്മാനിച്ചപ്പോള്‍ കണ്ടത് വെള്ളിത്തിരയിലെ ആ പഴയ ഏഴെ തോഴന്‍ നിമിഷങ്ങളുടെ തനിയാവര്‍ത്തനം തന്നെയായിരുന്നു. കാവേരി ഡെല്‍റ്റയിലെ കര്‍ഷകര്‍ക്ക് ജലസേചനത്തിനായി സേലം ജില്ലയിലെ മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാനെത്തിയപ്പോഴാണ് ഹൃദയഹാരിയായ നിമിഷം. ചിന്നകാവൂരിലെ ഒരു കര്‍ഷകന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. അണക്കെട്ട് തുറക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ആ സ്‌നേഹവും സഹാനുഭൂതിയും നിറയുന്ന നിമിഷങ്ങള്‍. ഒരമ്മയുടെ സ്‌നേഹ വായ്പയോടെ അരികിലേക്കെത്തിയ വയോധികയ്ക്ക് വിജയ് തന്റെ ഗ്ലാസ് സമ്മാനിച്ചു. ക്രിസ്ത്യന്‍ ഡിയോര്‍ സണ്‍ഗ്ലാസാണ് വിജയ് വയോധികക്ക് സമ്മാനിച്ചതെന്ന് പിന്നാലെ സോഷ്യല്‍ മീഡിയ കണ്ടെത്തി. വിപണിയില്‍ 50000 രൂപയിലേറെ വിലമതിക്കുന്ന ലക്ഷ്വറി ബ്രാന്‍ഡ്. സണ്‍ഗ്ലാസ് ധരിച്ച് വിജയുടെ കൈപിടിച്ച് നടക്കുന്ന വയോധികയുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമായി. മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതോടെ 12 ജില്ലകളിലെ കര്‍ഷകരുടെ ആവശ്യമാണ് നിറവേറപ്പെടുന്നത്. കര്‍ണാടകയുമായി കാവേരി നദീജല തര്‍ക്കം തുടരുന്നതിനിടെയാണ് മേട്ടൂര്‍ അണക്കെട്ട് തുറന്നതെന്നതും ശ്രദ്ധേയമാണ്.



Post a Comment

0 Comments