സൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ വ്യോമാക്രമണം; റിയാദ് എയർപോർട്ടിന് സമീപം കനത്ത പുക


സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനും തീരനഗരമായ യാൻബുവിനും നേരെ ഹൂതി വിമതരുടെ വ്യോമാക്രമണം. റിയാദിലെ പ്രധാന വിമാനത്താവളത്തിന് സമീപം വൻ കറുത്ത പുകയും തീയും ഉയർന്നതിന് പിന്നാലെയാണ് സൗദി ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതായി ഹൂതികൾ അവകാശപ്പെട്ടത്. റിയാദിൽ ഏത് കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതികൾ വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച പുലർച്ചെ റിയാദിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തു. ആക്രമണ സാധ്യത മുൻകൂട്ടി കണ്ട് സൗദി അധികൃതർ രാത്രിയിൽ തന്നെ ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. റിയാദ് വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്കുകൾക്ക് പിന്നിലായി വൻ തീജ്വാലകളും കറുത്ത പുകയും ഉയരുന്ന ദൃശ്യങ്ങൾ റോയിട്ടേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. റിയാദിന് പുറമെ യാൻബു, ത്വാഇഫ്, ബൈഷ്, ഫറസാൻ എന്നിവിടങ്ങളിലേക്കും ആക്രമണ ശ്രമം നടന്നതായി സൗദി സഖ്യസേന അറിയിച്ചു. റിയാദിനെ ലക്ഷ്യം വെച്ച മിസൈൽ തടഞ്ഞതായും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, യെമൻ തലസ്ഥാനമായ സനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ നടത്തിയതെന്നും ഹൂതികൾ വ്യക്തമാക്കിയിട്ടുണ്ട്.



إرسال تعليق

0 تعليقات