കേരള സർവകലാശാലയിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള നീക്കം ക്യാമ്പസ് ജനാധിപത്യത്തിന്റെ നട്ടെല്ലൊടിക്കാനുള്ളതാണെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. അധികാരിവർഗത്തിനുനേരെ നിർഭയം ചോദ്യം ചോദിക്കുന്ന യുവതലമുറയുടെ ശബ്ദമടയ്ക്കാനുമുള്ള ഈ ഉത്തരവ് വിദ്യാർഥികളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പ്രതികരിച്ചു. 18 വയസിൽ വോട്ടവകാശം നൽകുന്ന ഭരണഘടനയുള്ള നാട്ടിൽ, കലാലയങ്ങളിൽ രാഷ്ട്രീയമായി ചിന്തിക്കാനും സംഘടിക്കാനും അവകാശമില്ലെന്ന് പറയുന്നതിലെ അരാഷ്ട്രീയതയെ നിഷ്കളങ്കമായി കാണാനാവില്ലെന്നും റിയാസ് പറഞ്ഞു. സംഘപരിവാർ-ഏകാധിപത്യ അജണ്ടകൾക്ക് ക്യാമ്പസുകളെ പണയം വെക്കാനുള്ള ഗൂഢശ്രമമാണ് ഈ നീക്കത്തിനു പിന്നിലെ യഥാർത്ഥ രാഷ്ട്രീയം. ചെറുത്തുനിൽപ്പുകളുടെയും അവകാശ പോരാട്ടങ്ങളുടെയും നീണ്ട പാരമ്പര്യമുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ ഇത്തരം ഉത്തരവുകൾ കാട്ടി ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ട. വിദ്യാർത്ഥികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കാൻ തുനിയുന്നവർക്കെതിരെ ക്യാമ്പസുകളിലും തെരുവുകളിലും പ്രതിരോധത്തിന്റെ വൻമതിലുകൾ ഉയരുക തന്നെ ചെയ്യുമെന്നും മുഹമ്മദ് റിയാസ്.





0 Comments