ബല്ലിയ (ഉത്തർപ്രദേശ്): വീടിന് മുന്നിൽ ഡി.ജെ വാഹനം നിർത്തിയിട്ട് അമിത ശബ്ദത്തിൽ പാട്ടുവെച്ചതിനെ തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ വിഗ്രഹനിമജ്ജന ഘോഷയാത്രക്കിടെയാണ് സംഭവം. ഉച്ചത്തിൽ പാട്ടുവെച്ച ഡി.ജെ വാഹനം വീടിനുമുന്നിൽ നിർത്തിയതിന് പിന്നാലെയാണ് 20 ദിവസം പ്രായമുള്ള പെൺകുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചത്.
അമിതശബ്ദം മൂലമാണ് കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ശബ്ദം കുറയ്ക്കണമെന്നും വാഹനം മാറ്റണമെന്നും പലവട്ടം ആവശ്യപ്പെട്ടെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഡി.ജെ ഉപകരണങ്ങൾ കൊണ്ടുവന്ന വാഹനം പിടിച്ചെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ ജയ്ശങ്കർ മിശ്ര അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അമ്മ റീമാദേവിയും കുഞ്ഞും ഉറങ്ങുന്നതിനിടെയാണ് വിഗ്രഹനിമജ്ജന ഘോഷയാത്ര വീട്ടിനുമുന്നിലെത്തിയത്. ഉച്ചത്തിൽ പാട്ടുവെച്ച ഡി.ജെ വാഹനം ഇവരുടെ വീടിന് തൊട്ടടുത്ത് നിർത്തി തുടരെ പാട്ടുവെച്ചു. ശബ്ദം കേട്ട് കുഞ്ഞ് നിലവിളിക്കാൻ തുടങ്ങിയതോടെ വാഹനം നീക്കാൻ ബന്ധുക്കൾ സംഘാടകരോട് കെഞ്ചിപ്പറഞ്ഞു. എന്നാൽ അവർ കേട്ട ഭാവം നടിച്ചില്ല. തുടർന്ന് കുഞ്ഞിന്റെ നിലവഷളായതോടെ ബന്ധുക്കൾ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുഞ്ഞിനെയും അമ്മയെയും പരിചരിക്കാൻ ഭർതൃവീട്ടിൽ ആളില്ലാത്തതിനാൽ പത്ത് ദിവസമായി റീമാദേവി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ‘ഭർതൃവീട്ടിൽ കുഞ്ഞിനെയും അമ്മയെയും നോക്കാൻ ആരുമില്ലാത്തതിനാലാണ് അവർ ഇവിടെയെത്തിയത്. കഴിഞ്ഞ പത്ത് ദിവസമായി ഞങ്ങളാണ് ഇരുവരെയും പരിചരിച്ചിരുന്നത്. ഉച്ചത്തിൽ പാട്ടുവെച്ച ഡി.ജെ വാഹനം വീടിനുമുന്നിൽ വന്ന് നിർത്തിയതോടെയാണ് കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചത്’- ബന്ധുക്കൾ പറഞ്ഞു




0 Comments