സംസ്ഥാന വയോജന കമ്മീഷന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചു. ജയിലില്‍ തടവില്‍ കഴിയുന്ന വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കുന്നതിനും സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുന്നതിനുമായാണ് സന്ദര്‍ശനം. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ സോമപ്രസാദ്, കമ്മീഷനംഗം കെ എന്‍ കെ നമ്പൂതിരി, സെക്രട്ടറി ജി വിനോദ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു, അസിസ്റ്റന്റ് എം എ അഖില്‍, എഫ് ആര്‍ ഒ രവീണ രവി എന്നിവരടങ്ങിയ സംഘമാണ് ജയില്‍ സന്ദര്‍ശിച്ചത്.
കൃത്യസമയത്ത് ചികിത്സാ സഹായം ലഭിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നുവെന്ന് വയോജനങ്ങള്‍ കമ്മീഷനെ അറിയിച്ചു. പ്രത്യേക ഭക്ഷണക്രമം ഏര്‍പ്പെടുത്തുക, തടവുമുറികളും ശുചിമുറികളും വയോജന സൗഹൃദമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ന്നു. കോടതി ജാമ്യം അനുവദിച്ചിട്ടും മറ്റ് കാരണങ്ങളാല്‍ ജയില്‍മോചിതരാവാത്തവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തണമെന്നും തടവുകാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ നിയമാനുസൃത നടപടികള്‍ക്കായി സര്‍ക്കാറിന് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കി.
ജയിലിലെ പ്രത്യേക ബ്ലോക്കുകള്‍, നെയ്ത്ത് ശാല, പാചകപ്പുര എന്നിവിടങ്ങളും കമ്മീഷന്‍ സന്ദര്‍ശിച്ചു. ജയില്‍ സൂപ്രണ്ട് കെ വേണു, വെല്‍ഫെയര്‍ ഓഫീസര്‍മാരായ ടി രാജേഷ് കുമാര്‍, ഡി. ഷീബ, ജയില്‍ കൗണ്‍സിലര്‍ സി എച്ച് ഷാഹിന, പി ഡി ടീച്ചര്‍ എ പി നവനീത് കൃഷ്ണന്‍ എന്നിവരുമായും സംഘം സംസാരിച്ചു.




0 Comments