അബൂദബി: പ്രധാന പാതയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്ട്രീറ്റിൽ വേഗപരിധി കുറച്ചതായി അബൂദബി മൊബിലിറ്റി സെപ്‌തംബർ 14 തിങ്കളാഴ്‌ച മുതൽ E311 ഹൈവേയിൽ റോഡിൻ്റെ ഇരുവശങ്ങളിലേക്കുമുള്ള പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറയും. ദുബൈ ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിൽ ഈ പാത ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നും അറിയപ്പെടുന്നുണ്ട്. അധികൃതർ പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പ് പ്രകാരം, വടക്ക് അൽ ശംഖ, തെക്ക് മദീന അൽ റിയാദ്, ബനിയാസ് ഖബർസ്ഥാൻ എന്നിവക്കിടയിലുള്ള നിർണായകമായ ഹൈവേ ഭാഗത്താണ് പുതിയ വേഗപരിധി ബാധകമാവുന്നത്.
അബൂദബി, ദുബൈ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്കും ഇത് ബാധകമാണ്. അൽ തുറൂശ് സ്ട്രീറ്റ്/തവി അൽ ഖൈമ സ്ട്രീറ്റ് ജങ്ഷനുകൾക്കും അൽ ഖൈർ സ്ട്രീറ്റ് ഇന്റർചേഞ്ചിനും ഇടയിലുള്ള ഭാഗത്താണ് പുതിയ വേഗനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി അബൂദബിയിൽ സമീപകാലത്തായി വിവിധ വേഗപരിധി മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. 2025 ഏപ്രിലിൽ,E311 റോഡിലെ മണിക്കൂറിൽ 120 കിലോമീറ്റർ എന്ന കുറഞ്ഞ വേഗപരിധി അബൂദബി മൊബിലിറ്റി ഒഴിവാക്കിയിരുന്നു. ഇത് വാഹനയാത്രക്കാർക്ക് നിശ്ചിത വേഗത്തിലും താഴെ വാഹനമോടിക്കുവാൻ സൗകര്യമൊരുക്കുന്നതായിരുന്നു. ഹെവി വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായിരുന്നു ഈ നടപടി. അന്ന് റോഡിലെ പരമാവധി വേഗപരിധി 140 കിലോമീറ്റർ ആയിരുന്നു.
2026 ഫെബ്രുവരി 9 മുതൽ മൂന്ന് പ്രധാന റോഡുകളിലും അബൂദബി വേഗപരിധി കുറച്ചു. റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ ജോയൻ്റ് ട്രാഫിക് സേഫ്റ്റി കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു ഈ മാറ്റം. അബൂദബി-അൽ ഐൻ റോഡിൽ (E22) അൽ നഹ്ദ ഇന്റർചേഞ്ച് മുതൽ ബനിയാസ് ഇൻ്റർചേഞ്ച് വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലേയും വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി കുറച്ചു. ബനിയാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്‌ജ് കോംപ്ലക്‌സ് വരെയുള്ള ഭാഗത്ത് വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി കുറച്ചു. അൽ റൗദ റോഡിൽ (E30) ഇരുവശങ്ങളിലേയും വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽനിന്ന് 100 കിലോമീറ്ററായി താഴ്ത്തി.
2025 ഒക്ടോബറിൽ, ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ ഗതാഗതക്കുരുക്ക്, അപകടങ്ങൾ, റോഡ് പണികൾ, മോശം കാലാവസ്ഥ എന്നിവ അനുസരിച്ച് വേഗപരിധി മാറ്റാൻ കഴിയുന്ന വേരിയബിൾ സ്‌പീഡ് ലിമിറ്റ് സംവിധാനം അധികൃതർ നടപ്പിലാക്കിയിരുന്നു. പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും പുതുക്കിയ വേഗപരിധികൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.





0 تعليقات