ബാര്‍ ലൈസന്‍സ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കൽ കേസിൽ കര്‍ണാടക പിഡബ്ല്യുഡി മന്ത്രി സതീഷ് ജാര്‍ക്കിഹോളിയുടെ വസതിലടക്കം പതിനെട്ടോളം ഇടങ്ങളില്‍ ഇ ഡി റെയ്ഡ്. കര്‍ണാടകയിലും മഹാരാഷ്ട്രയിലുമായാണ് പരിശോധന പുരോഗമിക്കുന്നത്. പതിനെട്ടോളം ബാറുകള്‍ക്ക് അനധികൃതമായി ലൈസന്‍സ് അനുവദിക്കുന്നതിന് ജാര്‍ക്കിഹോളി സഹായിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിച്ചുവെന്നുമാണ് ആരോപണം. 2013- 16കാലയളവിലെ സിദ്ധരാമയ്യ സര്‍ക്കാരില്‍ എക്‌സൈസ് മന്ത്രിയായിരുന്നു ജാര്‍ക്കിഹോളി. കര്‍ണാടകയില്‍ ബെംഗളുരുവിലെ അഞ്ചിടങ്ങളിലും ബെലഗാവിയിലും ഇ ഡി പരിശോധന നടത്തി.ജാര്‍ക്കിഹോളിയുടെ ഭാര്യാസഹോദരന്‍ മഞ്ജുനാഥിന്റെ വീട്ടിലും പരിശോധന നടത്തിയിട്ടുണ്ട്. എക്‌സൈസ് വകുപ്പിലെ ക്രമക്കേടില്‍ മുമ്പും ഇയാള്‍ക്കെതിരെ ഇ ഡി നടപടി ഉണ്ടായിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ മൂന്നു കോടിയോളം വിദേശ ഫണ്ട് കണ്ടെത്തിയിരുന്നു. കര്‍ണാടക എക്‌സൈസ് വകുപ്പിലെ ക്രമക്കേട് ആരോപങ്ങളില്‍ നടത്തിവന്ന പരിശോധനകളുടെ ഭാഗമായാണ് വീണ്ടും ഇ ഡി നടപടി. ലൈസന്‍സുകള്‍ അനുവദിച്ചതിലൂടെ ആരോപണവിധേയര്‍ പണം സമ്പാദിച്ചോയെന്നും ആ പണം വെളുപ്പിച്ച് വിദേശത്തേക്ക് കടത്തിയോയെന്നും ഇ ഡി പരിശോധിക്കും. സാമ്പത്തിക തിരിമറിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പിടിച്ചെടുത്ത രേഖകളും ഇലക്ട്രോണിക് റെക്കോര്‍ഡുകളും ഉദ്യോഗസ്ഥര്‍ പരിശോധിക്കും. മന്ത്രിയുടെ മകളും ചിക്കോടി ലോക്‌സഭ എംപിയുമായ പ്രിയങ്ക ജാര്‍ക്കിഹോളിയുടെ വസതിയിലും ഇ ഡി പരിശോധന നടത്തിയിട്ടുണ്ട്.






0 تعليقات