പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രജനീകാന്ത്- നെൽസൺ ദിലീപ് കുമാർ ചിത്രം 'ജയിലർ 2' ഒക്ടോബർ 15-ന് ആഗോളതലത്തിൽ തിയേറ്ററുകളിലേക്കെത്തും. നാളെയാണ് ചിത്രത്തിൻ്റെ ട്രെയിലർ റിലീസ്. ആദ്യ ഭാഗത്തിൻ്റെ വൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ക്യാരക്ടർ വീഡിയോകളും പാട്ടുകളും ജ്യൂക്ബോക്സും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് വേണ്ടി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ 'അല്ല ബോലലോ' എന്ന ഗാനം റിലീസ് ചെയ്‌ത് നിമിഷങ്ങൾക്കകം ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഷംന കാസിമിൻ്റെ ഗംഭീര നൃത്തച്ചുവടുകളായിരുന്നു പാട്ടിന്റെ ഹൈലൈറ്റ്. തമിഴ് സിനിമയിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ നേടാൻ സാധ്യതയുള്ള ചിത്രത്തിന്റെ കേരള-കന്നഡ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഭാഗം പോലെ തന്നെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരിക്കും ഈ രണ്ടാം ഭാഗവും.




0 Comments