ഇഷാൻ കിഷന് പരിക്ക്: രണ്ടാം ട്വന്റി 20യിൽ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചേക്കും.

 

വെല്ലിങ്ങ്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വൻ്റി 20 യിൽ ഇന്ത്യയുടെ

പ്ലേയിങ് ഇലവനിൽ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചേക്കും. പരിക്കിനെത്തുടർന്ന് ഇഷാൻ കിഷൻ രണ്ടാം മത്സരത്തിൽനിന്ന് പുറത്തായതോടെയാണ് വൈഭവിൻ്റെ സാധ്യതകൾ വർധിച്ചത്.

വെസ്റ്റ് ഇൻഡീസിനെതിരായ ട്വൻ്റി 20 പരമ്പരയിലും ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിലും അവസരം ലഭിക്കാതിരുന്ന വൈഭവ് സൂര്യവംശിക്ക് ശനിയാഴ്ച നടക്കുന്ന രണ്ടാം ട്വൻ്റി 20യിൽ അരങ്ങേറാൻ സാധ്യതയുണ്ട്. ഇഷാൻ കിഷൻ്റെ പരിക്കാണ് ടീമിൽ മാറ്റത്തിന് വഴിയൊരുക്കുന്നത്.

ആദ്യ ട്വന്റി 20 മത്സരത്തിനിടെ ഇഷാൻ കിഷൻ്റെ വലതുവശത്തെ അഡക്ടർ പേശിക്ക് നേരിയ പരിക്കേറ്റതായി ബിസിസിഐ അറിയിച്ചു. ഇതോടെ രണ്ടാം ട്വന്റി 20 യിൽനിന്ന് താരത്തെ ഒഴിവാക്കി. ഇഷാൻ്റെ പരിക്ക് സംബന്ധിച്ച് ബിസിസിഐ മെഡിക്കൽ സംഘം നിരീക്ഷണം തുടരുകയാണ്.

ഇഷാൻ കിഷൻ സാധാരണയായി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. ആദ്യ ട്വന്റി 20 യിൽ ഈ സ്ഥാനത്ത് തിലക് വർമ്മയെയാണ് ഇന്ത്യ പരീക്ഷിച്ചത്. ശ്രേയസ് അയ്യരെയും ബാറ്റിങ് ക്രമത്തിൽ നേരത്തേ ഇറക്കിയിരുന്നു. ഇഷാൻ്റെ പരിക്കാണ് ഈ മാറ്റങ്ങൾക്ക് പിന്നിലെന്നും പരിശീലകൻ വിശദീകരിച്ചു.

നേരത്തെ, വൈഭവ് സൂര്യവംശിക്ക് ഓപ്പണിങ് സ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ തള്ളിയിരുന്നു. അഭിഷേക് ശർമയും സഞ്ജു സാംസണും മികച്ച പ്രകടനം തുടരുന്നതിനാൽ ഓപ്പണിങ് നിരയിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നായിരുന്നുഅദ്ദേഹത്തിന്റെ നിലപാട്.

വിദേശ സാഹചര്യങ്ങളിൽ കളിക്കുന്നത് വൈഭവിന് അനുഭവസമ്പത്ത് നേടാനും ഭാവിയിൽ ഇത്തരം പിച്ചുകളിൽ കൂടുതൽ മികവോടെ കളിക്കാനും സഹായിക്കുമെന്നും ശ്രേയസ് പറഞ്ഞിരുന്നു.

എന്നാൽ ഇഷാൻ കിഷൻ്റെ പരിക്ക് ടീമിൻ്റെ പദ്ധതികളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. ഇതോടെ രണ്ടാം ട്വൻ്റി 20യിൽ വൈഭവ് സൂര്യവംശിക്ക് ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇടം ലഭിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.



Post a Comment

0 Comments