കൊല്ലത്തെ യുവതിയുടെ പരാതി; വിവാഹത്തിന് നൽകിയ 25 പവനും 5 ലക്ഷം രൂപയും പ്രതി നന്ദു കൈക്കലാക്കി.

 

കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി നന്ദു ദിനേശ് യുവതിയുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കി. യുവതിയെ നാട്ടില്‍ എത്തിക്കുന്നതിന് മുമ്പ് ബാക്കിയുണ്ടായിരുന്ന പണം കൂടി നന്ദു സ്വന്തം അക്കൗണ്ടില്‍ ആക്കി എന്നാണ് വിവരം. 20 പവനിലധികം ആഭരണങ്ങള്‍ പ്രതിയുടെ വീട്ടിലാണ്. പൊലീസ് കേസെടുത്തതോടെ പ്രതിയുടെ വീട് പൂട്ടി മാതാപിതാക്കളും മുങ്ങി എന്നാണ് വിവരം. അതേസമയം പെണ്‍കുട്ടിയുടെ പരാതിയില്‍ ചവറ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് ഇറക്കും. പ്രതി ഇന്നലെ സൗദിയില്‍ നിന്ന് നാട്ടില്‍ വരുമെന്നായിരുന്നു വിവരം ലഭിച്ചിരുന്നത്. എന്നാല്‍ പ്രതി നന്ദു എത്താത്തതിനെത്തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. രണ്ടും മൂന്നും പ്രതികളായ നന്ദുവിന്റെ പിതാവ് ദിനേശ്, മാതാവ് ജഗതമ്മ എന്നിവരെ കസ്റ്റഡിയില്‍ എടുക്കാനും നീക്കമുണ്ട്. നന്ദുവിന്റെ വീട്ടിന്‍ ഇന്ന് രാവിലെയും പൊലീസ് എത്തിയിരുന്നു. എന്നാല്‍ വീട് പൂട്ടിയ നിലയില്‍ ആയതിനാല്‍ തിരികെ പോവുകയായിരുന്നു. ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ നെടുമ്പാശേരിയില്‍ എത്തുമെന്ന് കരുതിയിരുന്ന നന്ദുവിന് വേണ്ടി അവിടെയും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. സൗദിയിലെ ഇന്ത്യന്‍ എമ്പസിയുമായി ചവറ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. നന്ദുവിന്റെ പാസ്‌പോര്‍ട്ട് രേഖകളും മറ്റും ഇതിനോടകം ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.ക്രൂരമര്‍ദ്ദനമാണ് പുത്തന്‍തുറ സ്വദേശിനി അഞ്ചുവിന് ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടി വന്നിരുന്നത്. യുവതിയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ട്. നവവധുവിനെ ഭര്‍ത്താവ് ക്രൂരമായാണ് മര്‍ദ്ദിച്ചത്. ഇതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പ്രഷര്‍ കുക്കര്‍, ലാപ്ടോപ്പ്, മൊബൈല്‍ ചാര്‍ജര്‍, ബെല്‍റ്റ് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. വിദേശത്ത് വെച്ചാണ് ക്രൂര മര്‍ദ്ദനമേറ്റത്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുമാസം മുമ്പാണ് കല്യാണം കഴിഞ്ഞതെന്നും കൂടുതൽ സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു ആക്രമണമെന്നും യുവതിയുടെ പിതാവ്  പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് വലിയ ഭാഗ്യമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും പിതാവ് പറഞ്ഞിരുന്നു.

ഭര്‍ത്താവിന് സംശയ രോഗമാണെന്നും ബെല്‍റ്റ്, ഇടികല്ല്, കുക്കര്‍ അടക്കം ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നും യുവതി പ്രതികരിച്ചു. കരഞ്ഞ് കാല് പിടിച്ചിട്ടും ഉപദ്രവം നിര്‍ത്തിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു. തന്നെ അടിച്ചിട്ട് അയാള്‍ വീട്ടില്‍ വിളിച്ച് പറയുമായിരുന്നു. സൈക്കോപാത്ത് പോലെയാണ് തന്നോട് പെരുമാറിയത്. ഫോണും ലാപ്ടോപ്പും വാങ്ങിവെച്ചു. നാട്ടിലേക്ക് വീട്ടുകാരാണ് ടിക്കെറ്റെടുത്തത്. തന്നെ ആശുപത്രിയിലേക്കല്ല, കരയോഗത്തിലേക്കാണ് കൊണ്ടുപോയത്. കരയോഗവും ഭര്‍തൃ വീട്ടുകാര്‍ക്കാണ് പിന്തുണ നല്‍കുന്നത്. ഫോണും മറ്റും കരയോഗത്തില്‍ പിടിച്ചുവെച്ചിരിക്കുകയാണ്. കയ്യിലെ മുറിവ് കണ്ടപ്പോഴാണ് തന്റെ വീട്ടുകാര്‍ക്ക് കാര്യം ബോധ്യപ്പെട്ടത്. ഭീഷണിപ്പെടുത്തി മോശം ഓഡിയോ റെക്കോര്‍ഡ് ചെയ്ത് വീട്ടുകാര്‍ക്ക് അയച്ച് മോശക്കാരിയായി ചിത്രീകരിക്കാന്‍ നന്ദു ശ്രമം നടത്തി. അടിച്ച ശേഷം മുറിവുകള്‍ ഉള്‍പ്പെടെ നന്ദു ഫോണിൽ പകർത്തിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.




Post a Comment

0 Comments