തിരുവല്ല മൂന്ന് വർഷം മുൻപ് തിരുവല്ല പുളിക്കീഴിലെ ചതുപ്പിൽ കുട്ടിയുടെ
മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയായ നാടോടി സ്ത്രീയെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് മീങ്കര സ്വദേശി മഞ്ജു (45) ആണ് പിടിയിലായത്. 2023 ഓഗസ്റ്റ് 12നു പെൺകുഞ്ഞിന്റെ മൃതദേഹം പുളിക്കീഴ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് സമീപത്തെ ചതുപ്പിൽ നിന്നു കണ്ടെത്തിയത്. കാമുകനായ ശിവയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നത് എന്നാണ് മഞ്ജു നൽകിയ മൊഴി. ആൺസുഹൃത്തായ ശിവ ഒപ്പമുള്ളപ്പോൾ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.ചങ്ങനാശേരി കെഎസ്ആർടിസി ജംക്ഷനിലെ കടയുടെ തിണ്ണയിൽ വച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിടിയിലായ മഞ്ജുവും ശിവയും തമ്മിൽ കഴിഞ്ഞ ദിവസം പാലക്കാട് വച്ച് വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. വഴക്കിനിടയിൽ ഇരുവരും തമ്മിൽ കുഞ്ഞിൻ്റെ കൊലപാതകം സംബന്ധിച്ച് പരസ്പരം കുറ്റപ്പെടുത്തി. ഇത് പ്രദേശവാസികൾ മുഖേനെ പ്രദേശത്തെ എസ്സി പ്രമോട്ടർ അറിഞ്ഞു. തുടർന്ന് അവർ പൊലീസിൽ അറിയിക്കുകയായിരുന്നു. കേസിൽ കാമുകനായ ശിവ, കൂട്ടു പ്രതിയായ സഹോദരൻ ശക്തി എന്നിവർക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.





0 Comments