കോടിയേരി ബാലകൃഷ്ണന്‍ വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വര്‍ഷം. മികച്ച സംഘാടകനെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും കോടിയേരി ജനമനസ്സ് കവര്‍ന്നു. കോടിയേരിയുടെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല. രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. സംയമനം പാലിക്കേണ്ടിടത്ത് സംയമനം. കണിശമാകേണ്ടിടത്ത് കണിശത. എന്നതായിരുന്നു കോടിയേരിയുടെ ശൈലി. ഏത് പ്രതിസന്ധിയേയും ചിരിച്ചുകൊണ്ട് നേരിട്ട അസാമാന്യ സംഘാടക മികവ് വച്ചുപുലര്‍ത്തിയ നേതാവ്. കെഎസ്എഫില്‍ തുടങ്ങിയ പോരാട്ട ജീവിതം. അടിയന്തരാവസ്ഥക്കാലത്ത് പതിനാറു മാസം ജയില്‍വാസം. പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തനം. മികച്ച ഭരണാധികാരിയെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും തിളങ്ങി, കോടിയേരി. കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു കോടിയേരി. പ്രക്ഷോഭ സമരപാതകളില്‍ അവരെ അണിനിരത്തി. വിഎസ് അച്യുതാനന്ദനും പിണറായിക്കുമിടയില്‍ പലതവണ പാലമായി മാറി കോടിയേരി. വിഭാഗീയത ഉയര്‍ന്നുവന്നപ്പോഴും പാര്‍ട്ടി നിലപാടുകളില്‍ ഉറച്ചുനിന്ന് അവയെ ചെറുത്തുകൊണ്ട് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി. സ്നേഹനിര്‍ഭരമായ പെരുമാറ്റം കൊണ്ട് നാട്ടുകാരുടെ ഹൃദയം കവര്‍ന്ന നേതാവ്. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ പറഞ്ഞു. അസുഖബാധിതനായപ്പോഴും സ്വന്തം ബുദ്ധിമുട്ടുകള്‍ അവഗണിച്ച് പ്രസ്ഥാനത്തിനായി അവസാനം ശ്വാസം വരെ പോരാടി. കോടിയേരി വിട വാങ്ങിയപ്പോള്‍ പകരം വയ്ക്കാനാകാത്ത, കര്‍മധീരനായ ഒരു സഖാവിനെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നഷ്ടമായത്.




0 تعليقات