യുക്രൈനിൽ ഇന്ത്യൻ മരുന്നുകമ്പനിക്ക് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു; വൻ നാശനഷ്ടം


കീവ്: പ്രമുഖ ഇന്ത്യൻ മരുന്നുനിർമാണ കമ്പനിയായ കുസും ഗ്രൂപ്പിന്റെ യുക്രൈനിലെ ഫാക്ടറിക്ക് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. യുക്രൈനിലെ സുമി പ്രദേശത്തുള്ള നിർമാണശാലയുടെ പ്രധാന കെട്ടിടം ആക്രമണത്തിൽ പൂർണമായി തകർന്നു. സംഭവസ്ഥലത്ത് നിന്ന് വലിയതോതിൽ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ പൗരനായ രാജീവ് ഗുപ്‌തയുടെ ഉടമസ്ഥതയിലുള്ള കുസും ഗ്രൂപ്പ്, 1994ൽ ഇന്ത്യയിൽ നിന്നുള്ള മരുന്നുകൾ യുകൈനിലേക്ക് കയറ്റുമതി ചെയ്യുന്ന വിതരണ കമ്പനിയായാണ് പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 2002ൽ മറ്റ് കമ്പനികളുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് അവസാനിപ്പിച്ച് സ്വന്തം ബ്രാൻഡുകൾ വിപണിയിലിറക്കാൻ തുടങ്ങി. 2007ൽ ഇന്ത്യയിലും 2009ൽ യുക്രൈനിലെ സുമിയിലും പുതിയ നിർമാണ കേന്ദ്രങ്ങൾ തുറന്ന കമ്പനി പിന്നീട് ഇന്ത്യയിൽ രണ്ട് ഉൽപ്പാദന കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു. പ്രധാനമായും അമ്പതിലധികം ജനറിക് മരുന്നുകൾ നിർമിക്കുന്ന കമ്പനി യുക്രൈൻ, ഉസ്ബെക്കിസ്ഥാൻ, കസാഖിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങി ഒൻപതിലധികം രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നുണ്ട്. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷവും സുമിയിലെ ഈ നിർമാണകേന്ദ്രം പ്രവർത്തനം തുടർന്നിരുന്നു. നിലവിലെ ഡ്രോൺ ആക്രമണത്തിൽ പ്ലാൻ്റിന് കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കുറഞ്ഞത് 400 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ.



Post a Comment

0 Comments