ആരോഗ്യ സംരക്ഷണ നിലവാരത്തിൽ മുന്നിലുള്ള ആദ്യ 10 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് മാർക്കറ്റ് റിസർച്ച് കമ്പനിയായ ഇപ്സോസ്. 32 രാജ്യങ്ങളെ ആധാരമാക്കി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് 'ഇപ്സോസ് ക്വാളിറ്റി ഓഫ് കെയർ പെർസെപ്ഷൻ ഇൻഡക്സ്' പുറത്തുവിട്ടത്. ഒന്നാം സ്ഥാനത്ത് മലേഷ്യയും രണ്ടാംസ്ഥാനത്ത് സിംഗപ്പൂരും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്.ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലുമുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിൽ നീണ്ട കാത്തിരിപ്പ്, തൊഴിലാളികളുടെ കുറവ്, ജനങ്ങളുടെ വിശ്വാസക്കുറവ് എന്നിവ നേരിടുമ്പോൾ ഇന്ത്യയിൽ ഇക്കാര്യങ്ങൾ വ്യത്യസ്തമാണെന്നും പൗരന്മാർക്കിടയിൽ ആരോഗ്യസംവിധാനങ്ങളിൽ വിശ്വാസം കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്. എന്നിരുന്നാലും ചികിത്സാച്ചെലവ് താങ്ങാനാവാത്തത് തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ വെല്ലുവിളിയായി തുടരുന്നതെന്നും റിപ്പോർട്ടിലുണ്ട്.ഇന്ത്യയിലെ ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരത്തെ 68 ശതമാനം ഇന്ത്യക്കാരും അനുകൂലമായി വിലയിരുത്തുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. 2026 ജൂലൈ 13 നും ആഗസ്റ്റ് 7 നും ഇടയിൽ തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് ഇസോസ് 32 രാജ്യങ്ങളിൽ സർവേ നടത്തിയത്.
ഇന്ത്യയിൽ എളുപ്പത്തിൽ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ഉറപ്പാക്കാൻ കഴിയുമെന്ന് 73% പൗരന്മാർ അഭിപ്രായപ്പെട്ടു, ഇതിൻ്റെ അടിസ്ഥാനത്തിൽ മറ്റ് 32 രാജ്യങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് സർവേയിൽ പറയുന്നു. പല പാശ്ചാത്യ രാജ്യങ്ങളിലും ജനറൽ പ്രാക്റ്റീഷനറുകൾക്കായുള്ള കാത്തിരിപ്പ് വളരെ കൂടുതലാണ്. ഫാർമസികളിലും ഇന്ത്യയിൽ കാത്തിരിപ്പില്ലെന്ന് 81 ശതമാനം പേർ അഭിപ്രായപ്പെട്ടു.
അപ്പോഴും ഇന്ത്യയിൽ ചികിത്സാച്ചെലവ് വലിയ വെല്ലുവിളിയായി തുടരുന്നുവെന്ന് വലിയൊരു വിഭാഗം വ്യക്തമാക്കുന്നു. മികച്ച ആരോഗ്യ സംരക്ഷണം വലിയൊരു വിഭാഗം ജനങ്ങൾക്ക് സാമ്പത്തികമായി എത്തിപ്പിടിക്കാൻ കഴിയാത്തത്ര അകലെയാണെന്ന് 74% ഇന്ത്യക്കാർ അഭിപ്രായപ്പെട്ടു. ഇതിനുപുറമെ ഗുണനിലവാരമില്ലാത്ത ചികിത്സ (36%), വൃത്തിക്കുറവ് (28%) എന്നിവ ചൂണ്ടിക്കാണിച്ചവരുമുണ്ട്.ഇന്ത്യയിലെ പ്രധാന ആരോഗ്യ പ്രശ്നമാണ് പ്രമേഹമെന്ന് സർവേ വ്യക്തമാക്കുന്നു. മാനസികാരോഗ്യവും (37%) സമ്മർദ്ദവും (33%) അമിതവണ്ണവും (20%) ലഹരിവസ്തുക്കളുടെ ഉപയോഗവും (14%) ഉയർന്ന സ്ഥാനത്തുണ്ട്.





0 Comments