പയ്യാമ്പലം ഇനി നിർബന്ധിത മാലിന്യ വിമുക്ത പ്രദേശം; നിയമം ലംഘിച്ചാൽ കർശന നടപടി

പയ്യാമ്പലം ബീച്ചിനേയും പാർക്കിനേയും പരിസരത്തേയും നിർബന്ധിത മാലിന്യ വിമുക്ത പ്രദേശമായി പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർ പി വിഷ്ണുരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനമായി. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2026 ലെ ഖര മാലന്യ നിയന്ത്രണ നിയമം, 2026 മെയ് 18 ന് കേന്ദ്ര പരിസ്ഥിതി വന കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ്, 2026 മെയ് അഞ്ചിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായം, മുനിസിപ്പാലിറ്റി നിയമം, ഫൂഡ് സേഫ്റ്റി നിയമം, പയ്യാമ്പലം ബീച്ചിലും പാർക്കിലും ജില്ലാ ഭരണകൂടം നേരിട്ട് നടത്തിയ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. നിർബന്ധിത മാലിന്യ വിമുക്ത കേന്ദ്രമാകുന്നതോടെ  പ്രദേശത്ത് ചപ്പുചവറുകളോ ഖര മാലിന്യമോ നിക്ഷേപിക്കുന്നത് കുറ്റകരമാവും. നിയമ ലംഘനം നടത്തുന്നവർക്കെതിരെ നിയമപരമായ പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്യും. ഇക്കാര്യങ്ങൾ പരിശോധിക്കാനും ഉത്തരവ് കൃത്യമായി നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനും ഉദ്യോഗസ്ഥതല പയ്യാമ്പലം സോൺ മാനേജ്മെൻ്റ് കമ്മിറ്റിക്ക് യോഗം രൂപം നൽകി. ഡിടിപിസി, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ, ജില്ലാ ശുചിത്വ മിഷൻ, കേരള സംസ്ഥാന പൊല്യൂഷൻ കണട്രോൾ ബോർഡ്, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കോസ്റ്റൽ പോലീസ്, മറ്റ് വകുപ്പുകൾ, ജില്ലാ കളക്ടർ നോമിനേറ്റ് ചെയ്യുന്ന മറ്റ് ഏജൻസികൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് പയ്യാമ്പലം സോൺ മാനേജ്മെൻ്റ് കമ്മിറ്റി.  പയ്യാമ്പലം ബീച്ച്, പാർക്ക്, പരിസര പ്രദേശങ്ങൾ എന്നിവയുടെ വൃത്തി, മാലിന്യ സംസ്കരണം, പുല്ല് ചെത്തൽ, മോടി പിടിപ്പിക്കൽ തുടങ്ങി ശുചിത്വവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും നേരിട്ട് പരിശോധിക്കുകയും റിപ്പോർട്ട് തയ്യാറാക്കലുമാണ് കമ്മിറ്റി അംഗങ്ങളുടെ ചുമതല. ഈ റിപ്പോർട്ട് ആഴ്ചതോറും ക്രോഡീകരിച്ച് ഡിടിപിസി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം.  അടിയന്തിര പ്രശ്നങ്ങൾ കണ്ടാൽ കമ്മിറ്റി അംഗങ്ങൾക്ക് തൽസമയം ജില്ലാകളക്ടറുടെ ശ്രദ്ധയിൽപ്പെടുത്താം. ജില്ലാകളക്ടർ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ കൈക്കൊള്ളും, നേരിട്ട് പരിശോധന നടത്തും. ഇനിയുള്ള രണ്ടാഴ്ചക്കാലം മുന്നറിയിപ്പ് കാലമായി കണക്കാക്കും.  പയ്യാമ്പലം നിർബന്ധിത മാലിന്യമുക്ത കേന്ദ്രം എന്ന ബോർഡുകളിലൂടെയും അനൌൺസ്മെൻ്റുകളിലൂടെയും പ്രദേശവാസികളുടെയും അവിടെയെത്തുന്ന സഞ്ചാരികളുടെയും കച്ചവടക്കാരുടെയും ശ്രദ്ധയിൽപ്പെടുത്തും. അതിനുശേഷമാകും നിയമലംഘനം കണ്ടാൽ നടപടികളിലേക്ക് പോവുക. പയ്യാമ്പലം സോൺ മാനേജ്മെൻ്റ് കമ്മിറ്റിക്ക് പുറമേ ഡിടിപിസി, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ, ജില്ലാശുചിത്വ മിഷൻ, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് പ്രത്യേക ചുമതലകൾ  നൽകിയിട്ടുണ്ട്.  പയ്യാമ്പലം പാർക്കിൻ്റെ ശുചിത്വം, കൃത്യമായ മാലിന്യ ശേഖരണം, സമയബന്ധിതമായ സംസ്കരണം, സന്ദർശക ഇടങ്ങൾ തൂത്തുവാരൽ, പുല്ല് ചെത്തൽ, പുൽത്തകിടിയുടെ സംരക്ഷണം, നിർബന്ധിത മാലിന്യ മുക്ത കേന്ദ്രമെന്ന് കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കൽ, ശുചിമുറികൾ വൃത്തിയാക്കൽ, സിസി ടിവി ക്യാമറ സ്ഥാപിക്കൽ, സന്ദർശകർക്കൂം പരിപാടികൾ സംഘടിപ്പിക്കുന്നവർക്കും കൃത്യമായ നിർദ്ദേശം നൽകൽ തുടങ്ങിയവ ഡിടിപിസി നടപ്പിലാക്കണം.  ഇതിനായി ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തണം. അനുയോജ്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പ് വരുത്തുകയും ഡിടിപിസിയുമായി ചേർന്ന് പ്രദേശത്തെ കച്ചവട കേന്ദ്രങ്ങൾക്ക് ഏകീകൃത രൂപം നൽകുകും പൊതു ഇടങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉറപ്പു വരുത്തുകയുമാണ് കോർപ്പറേഷൻ്റെ ചുമതല. ഡിടിപിസിയും കണ്ണൂർ കോർപ്പറേഷനും ചേർന്ന് പയ്യാമ്പലത്ത് നടത്തുന്ന ശുചിത്വ മാലിന്യ വിമുക്ത നടപടികൾക്ക് ആവശ്യമായ സാങ്കേതിക നിർദ്ദേശം ശുചിത്വ മിഷൻ നൽകണം. പ്രദേശത്ത് പോലീസ് പെട്രോളിങ് ഉറപ്പു വരുത്തുക, നിയമ ലംഘനം നടത്തുന്നവർക്കെതിരേ കേസെടുക്കുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജയിൻ്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങളിൽ പങ്കാളിയാവുക, പയ്യാമ്പലത്ത് നോഡൽ ഓഫീസറെ നിയോഗിക്കുക, തുടങ്ങിയവയാണ് സിറ്റി പോലീസ് കമ്മീഷണറടെ ചുമതല.  പയ്യാമ്പലം ബീച്ചിലും പാർക്കിലും പരിസര പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടിയാണ് ഉത്തരവ് ലക്ഷ്യമിടുന്നത്. യോഗത്തിൽ അസിസ്റ്റൻ്റ് കളക്ടർ എസ് സ്വാതി, എഡിഎം കെ ബാലഗോപാലൻ എന്നിവരും പങ്കെടുത്തു.



إرسال تعليق

0 تعليقات