മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തെ തുടർന്ന് ദില്ലിയിൽ ഇടത് – സിജെപി നേതാക്കൾ നടത്തുന്ന മഹാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രക്ഷോഭം ആരംഭിച്ച് അഞ്ച് മണിക്കൂറിലധികം പിന്നിട്ടാണ് വി ഡി സതീശൻ എക്സിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ പത്തരയോടെയാണ് സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ദില്ലി പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ നിന്നുള്ള സിപിഐഎം പ്രവർത്തകരെയും അതിക്രൂരമായ രീതിയിലാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. സിപിഐഎം ചൂണ്ടിക്കാട്ടിയതിനുശേഷം മാത്രമാണ് സംസ്ഥാന മുഖ്യമന്തി വി ഡി സതീശൻ സംഭവത്തിൽ വിവരം തേടിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ദില്ലി പൊലീസ് ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്തതിൽ കടുത്ത ആശങ്കയും ശക്തമായ പ്രതിഷേധവും അറിയിക്കുന്നുവെന്നാണ് വി ഡി സതീശന്റെ പോസ്റ്റ്. നിലവിൽ അദ്ദേഹത്തെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കുന്നതിനാവശ്യമായ നടപടികൾ ഏകോപിപ്പിക്കുന്നതിനായി കേരള ചീഫ് സെക്രട്ടറിയോടും ദില്ലിയിലെ റസിഡന്റ് കമ്മീഷണറോടും ദില്ലി പൊലീസ് അധികൃതരുമായി നേരിട്ട് ബന്ധപ്പെടാൻ താൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് വി ഡി സതീശന്റെ പോസ്റ്റ്. മുഖ്യമന്ത്രിയുടെ മൗനത്തിൽ സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എം ബി രാജേഷ് വിമർശനം ഉന്നയിച്ചിരുന്നു. 82 വയസ്സുള്ള പിണറായി വിജയനെ ഭക്ഷണവും വെള്ളവും നൽകാതെ നാലു മണിക്കൂറോളം ദില്ലിയിലെ തെരുവുകളിലൂടെ കൊണ്ടുനടന്നത് നിയമവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു.




0 تعليقات