വാഷിങ്ടൺ: റഷ്യയ്ക്കെതിരെ കോൺഗ്രസ് പാസാക്കിയ പുതിയ കടുത്ത ഉപരോധങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് പ്രസിഡന്റ് ട്രംപ് അവ മരവിപ്പിച്ചു. യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്റെ ഈ നിർണ്ണായക നീക്കം. പ്രാബല്യത്തിൽ വരാൻ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ട്രംപിന്റെ തീരുമാനം. ഉപരോധം താൽക്കാലികമായി നീട്ടിവെക്കുന്നത് യു.എസിന്റെ ദേശീയ താൽപ്പര്യത്തിന് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച രാത്രിയാണ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിറക്കിയത്. ഇതിനുമുമ്പ് റഷ്യയ്ക്ക് വീണ്ടും ഡീസൽ ആഗോള വിപണിയിൽ വിൽക്കാൻ വഴിയൊരുക്കിയ ട്രംപിന്റെ തീരുമാനവും വലിയ വിമർശനം ഉയർത്തിയിരുന്നു. റഷ്യൻ എണ്ണയും വാതകവും ഏറ്റവും കൂടുതൽ വാങ്ങുന്ന ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്നതായിരുന്നു സെപ്റ്റംബറിൽ പാസാക്കിയ നിയമം. കൂടാതെ വ്ലാദിമിർ പുടിൻ ഉൾപ്പെടെയുള്ള മുതിർന്ന റഷ്യൻ നേതാക്കൾ, സാമ്പത്തിക സ്ഥാപനങ്ങൾ, റഷ്യയുടെ 'ഷാഡോ ഫ്ലീറ്റ്' കപ്പലുകൾ എന്നിവയും ഉപരോധ പരിധിയിൽ ഉണ്ടായിരുന്നു. അതേസമയം ആഗോള സാമ്പത്തിക രംഗത്തും യു.എസ് സമ്പദ്വ്യവസ്ഥയിലും ഈ ഉപരോധങ്ങളും താരിഫുകളും ഉണ്ടാക്കുന്ന ആഘാതം പഠിക്കാനാണ് 60 ദിവസത്തെ സാവകാശം നൽകിയതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് പുടിനെ സമ്മർദ്ദത്തിലാക്കേണ്ട സമയത്ത് അമേരിക്ക അദ്ദേഹത്തിന് സാമ്പത്തിക പ്രതിഫലം നൽകുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു. യു.എസ് നടപടി നിരാശാജനകമാണെന്നും റഷ്യയെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സഹായിക്കുമായിരുന്ന ഉപരോധങ്ങളെ അമേരിക്ക പൂർണ്ണമായും അവഗണിക്കുകയാണെന്നും യുക്രൈൻ സെലൻസ്കി കുറ്റപ്പെടുത്തി.





0 Comments