ദില്ലി ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കുന്നതിനും വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കുന്നതിനും ഇടപെടണമെന്ന് വൈസ് വൈസ് ചാൻസലറോട് ആവശ്യപ്പെട്ട് ഡോ. വി. ശിവദാസൻ എംപി. ക്യാമ്പസിലെ നിലവിലുള്ള സാഹചര്യത്തിലും ഉന്നയിക്കുന്ന പരാതികളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സർവകലാശാല ഭരണാധികാരികൾ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് വി ശിവദാസൻ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. 2006 മുതൽ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ നടന്നിട്ടില്ല. അത് മൂലം വിദ്യാർഥികൾക്ക് അവരുടെ ആശങ്കകൾ ഉന്നയിക്കുവാനോ അക്കാദമിക് ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ പങ്കെടുക്കുവാനോ കഴിയുന്ന ഒരു ജനാധിപത്യ വേദി യൂണിവേഴ്സിറ്റിയിൽ ഇല്ലാതായി എന്ന് ശിവദാസൻ എംപി ചൂണ്ടിക്കാട്ടി. അക്കാദമിക് സൗകര്യങ്ങൾ, ഹാജർ നയങ്ങൾ, ഹോസ്റ്റൽ സാഹചര്യങ്ങൾ, സ്കോളർഷിപ്പുകൾ, ഗവേഷണ സ്റ്റൈപ്പൻഡുകൾ, വിദ്യാർത്ഥി ക്ഷേമത്തിന്റെ മറ്റ് വശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലേക്കും നിലവിലെ സമരം ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിത്ഥി പ്രാതിനിധ്യം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥിത്ഥികൾക്ക് അവരുടെ ആശങ്കകൾ സമാധാനപരമായി പ്രകടിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനും സമയബന്ധിതമായ ഒരു പ്രക്രിയ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുള്ള സാഹചര്യം പരിഹരിക്കുന്നതിനും വിദ്യാർഥികളുടെ യഥാർഥ പരാതികൾ പരിഹരിക്കുന്നതിനും ക്യാമ്പസിൽ അനുകൂലമായ ഒരു അക്കാദമിക് അന്തരീക്ഷം നിലനിർത്തുന്നതിനും സർവ്വകലാശാല ഭരണനേതൃത്വത്തിൻ്റെ ഇടപെടലും വിദ്യാർഥികളോടുള്ള പരസ്പര ധാരണയും അനിവാര്യമാണെന്ന് വി ശിവദാസൻ പറഞ്ഞു.




0 Comments