ബോണ്ട ഇഷ്ടമാണോ? എന്നാൽ മൈദ ഒഴിവാക്കി ഗോതമ്പ് പൊടികൊണ്ട് ബോണ്ട ഉണ്ടാക്കി നോക്കാിയാലോ? ഗോതമ്പ് പൊടി കൊണ്ടുള്ള ഈ ബൺ ബോണ്ട ഉണ്ടാക്കാനും വളരെ എളുപ്പമാണ്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ഗോതമ്പുപൊടി – 1 കപ്പ്
പാൽ – 1 കപ്പ്
പഞ്ചസാര – 1/4 കപ്പ്
കോഴിമുട്ട – 1 എണ്ണം
ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
നാരങ്ങാനീര് – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് തിളപ്പിച്ചാറിയ പാലും പഞ്ചസാരയും കോഴിമുട്ടയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഗോതമ്പുപൊടിയും ബേക്കിംഗ് സോഡയും ഏലക്കാപ്പൊടിയും രണ്ട് നുള്ള് ഉപ്പും ചേർത്ത് മിക്സ് ചെയ്യാം. ഒട്ടും കട്ടകളില്ലാതെ വേണം യോജിപ്പിക്കാൻ. ഇനി ഇത് മൂടിവെച്ച് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ മാറ്റിവെക്കാം.
10 മിനിറ്റിനു ശേഷം മാവിലേക്ക് അര ടീസ്പൂൺ നാരങ്ങാനീര് ഒഴിച്ച് വീണ്ടും നന്നായി മിക്സ് ചെയ്യുക. ശേഷം അത്യാവശ്യം കുഴിയുള്ള പാത്രത്തിൽ എണ്ണയൊഴിച്ച് നന്നായി ചൂടാക്കുക. ബോണ്ട നല്ല റൗണ്ട് ആകൃതിയിൽ കിട്ടുന്നതിനായി ചെറിയൊരു തവി എടുത്ത് എണ്ണയിൽ മുക്കി നന്നായി ചൂടാക്കുക. ഈ ചൂടായ തവിയിലേക്ക് അല്പം എണ്ണയെടുത്ത ശേഷം കുറച്ചു മാവ് ഒഴിക്കാം. ഉടൻതന്നെ തവി എണ്ണയിലേക്ക് ഇറക്കിപ്പിടിച്ച് അതിന്റെ മുകളിലേക്ക് എണ്ണ കോരിയൊഴിച്ചു കൊടുക്കുക. മുട്ട ചേർത്തിട്ടുള്ളതിനാൽ പെട്ടെന്ന് കരിഞ്ഞുപോകാൻ സാധ്യതയുണ്ട്. അതിനാൽ തീ നന്നായി കുറച്ചുവെക്കാൻ ശ്രദ്ധിക്കണം. ബോണ്ട അത്യാവശ്യം വെന്തുവരുമ്പോൾ ചെറുതായി ഇളക്കിക്കൊടുത്താൽ അത് തവിയിൽ നിന്ന് എണ്ണയിലേക്ക് വിട്ടുപോരും. ശേഷം രണ്ട് വശവും നല്ലതുപോലെ വേവിച്ച് കോരിയെടുക്കാം.
വലിയ തവി ഉപയോഗിച്ചാൽ ഉൾവശം നന്നായി വേവാനിടയില്ല. അതിനാൽ ചെറിയ തവി തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. തവി ഉപയോഗിക്കാതെ നെയ്യപ്പം ചുടുന്നതുപോലെ മാവ് നേരിട്ട് ചൂടായ എണ്ണയിലേക്ക് ഒഴിച്ചും ഫ്രൈ ചെയ്തെടുക്കാം.





0 Comments