നെടുമ്പാശ്ശേരി അപകടം; സുഹൈലിന്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി അധികം മദ്യമെന്ന് പരിശോധനാ ഫലം.

 

നെടുമ്പാശ്ശേരിയിലെ മിനി കൂപ്പര്‍ അപകടത്തിലെ ഒന്നാം പ്രതി സുഹൈല്‍ സജീവിന്റെ സാമ്പിള്‍ പരിശോധനാ ഫലം പുറത്ത്. പ്രതിയുടെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി അധികം മദ്യം ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. സുഹൈല്‍ മദ്യലഹരിയിലായിരുന്നുവെന്ന ദൃക്‌സാക്ഷികളുടെ മൊഴി ശരിവയ്ക്കുന്നതാണ് സാമ്പിള്‍ റിപ്പോര്‍ട്ട്. 30മില്ലിഗ്രാമാണ് അനുവദനീയമായ മദ്യത്തിന്റെ പരിധി. എന്നാല്‍, 150 മില്ലീഗ്രാമിലധികം മദ്യം സുഹൈല്‍ കഴിച്ചുവെന്നാണ് പരിശോധനാ ഫലത്തില്‍ പറയുന്നത്. അതേസമയം സുഹൈലിന്റെ ജാമ്യത്തെ ശക്തമായി എതിര്‍ക്കാനാണ് പൊലീസ് തീരുമാനം.

അതേസമയം സുഹൈല്‍ രാസലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച പരിശോധനാഫലം ലഭിക്കാന്‍ വൈകും. നിലവില്‍ മദ്യപിച്ച് വാഹനമോടിച്ചതിനുള്ള വകുപ്പ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.ഒന്നാം പ്രതി സുഹൈലും രണ്ടാം പ്രതി നിനവും സംഭവം നടന്ന ദിവസം ഉച്ചമുതല്‍ തന്നെ മദ്യപിക്കാന്‍ ആരംഭിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും ആദ്യം വൈറ്റിലയിലെ ബാറില്‍ കയറി അമിതമായി മദ്യപിച്ചിരുന്നു. പിന്നീട് വൈകീട്ട് പാലാരിവട്ടത്തെ ബാറിലും നെടുമ്പാശ്ശേരിയിലെ ആഢംബര ഹോട്ടലില്‍ വച്ച് പുലര്‍ച്ചെ വരെയും മദ്യപിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിച്ച് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

മുഖ്യപ്രതി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. കഴിഞ്ഞദിവസം കസ്റ്റഡി അപേക്ഷയില്‍ വാദം നടന്ന സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയപ്പോള്‍ കോടതി കസ്റ്റഡി കാലാവധി അവസാനിച്ച് തിരികെ എത്തുമ്പോള്‍ പരിഗണിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന കാറില്‍ നിന്നുള്ള സാമ്പിള്‍, അപകടസ്ഥലത്തെ മണ്ണിന്റെ സാമ്പിള്‍, ഇരകളുടെ സാമ്പിള്‍ എന്നിവ പൊലീസ് ശേഖരിച്ചിരുന്നു.



إرسال تعليق

0 تعليقات