മെസ്സിയുടെ പേരിലെ തട്ടിപ്പ്: യു ഷറഫലിക്കും സി സത്യപാലനുമെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി.

 

ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു.ഷറഫലിക്കും വി അബ്ദുറഹിമാന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവുമായിരുന്ന സി സത്യപാലനുമെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടു. ഇരുവരും നീക്കത്തില്‍ വഴി വിട്ട ഇടപെടല്‍ നടത്തി എന്നായിരുന്നു എസ്‌ഐടി കണ്ടെത്തല്‍.അതേസമയം, തട്ടിപ്പില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് പണം കൈമാറി എന്ന സ്‌പോണ്‍സറുടെ അവകാശവാദം കായിക മന്ത്രി തള്ളി. പണം അടച്ചെന്ന് സ്ഥിരീകരിക്കുന്ന യാതൊരു രേഖകളും സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്ന് മന്ത്രി ഒജെ ജനീഷ് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. മുന്‍ കായിക മന്ത്രിയുടെ വിദേശയാത്ര അടക്കം അന്വേഷണ പരിധിയില്‍ ആണെന്നും മന്ത്രി ഒജെ ജനീഷ് നിയമസഭയെ അറിയിച്ചു. അതേസമയം എസ്‌ഐടി റിപ്പോര്‍ട്ടില്‍ തുടര്‍ അന്വേഷണം മെല്ലെ പോകുന്നു എന്നാണ് ആക്ഷേപം.അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് 9 മില്യന്‍ യുഎസ് ഡോളര്‍, ഏകദേശം 126 കോടി രൂപ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നല്‍കിയെന്നാണ് അവകാശവാദം. എന്നാല്‍ പണം അയച്ചതിന്റെ ഔദ്യോഗിക രേഖകള്‍ കണ്ടെത്താനോ സ്ഥിരീകരിക്കാനോ സാധിച്ചിട്ടില്ല എന്ന് കായിക മന്ത്രി ഒജെ ജനീഷ് ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി. പണം നല്‍കിയെങ്കില്‍ അത് സ്ഥിരീകരിക്കേണ്ട ബാങ്ക് ഡെബിറ്റ് അഡൈ്വസ്, സിഫ്റ്റ് പകര്‍പ്പ്, ഫോം A2, ഫോം 15CA/15CB, ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സര്‍ട്ടിഫിക്കറ്റ്, ഔദ്യോഗിക പണമടവ് രസീത് ഇവയൊന്നും സര്‍ക്കാരില്‍ ലഭ്യമല്ലെന്ന് സ്‌പോണ്‍സറെ തള്ളി കായിക മന്ത്രി നിയമസഭയെ അറിയിച്ചു. തന്റെ പണം എഎഫ്എക്ക് അയച്ചെന്നായിരുന്നു സ്‌പോണ്‍സര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. ഇത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ ആണെന്നും മന്ത്രി മറുപടി നല്‍കി.

മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാന്റെയും സ്‌പോര്‍ട്‌സ് വകുപ്പ് സെക്രട്ടറിയുടെയും ഡയറക്ടറുടെയും വിദേശയാത്രയും അന്വേഷണപരിധിയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ ക്ഷണിക്കാന്‍ എന്ന പേരില്‍ 2024 ഓഗസ്റ്റ് മാസം മാഡ്രിഡിലേക്ക് പോയിരുന്നു. എസ്‌ഐടി ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.



إرسال تعليق

0 تعليقات