ഒരു ദിവസം എത്ര മുട്ട കഴിക്കാം? ഇക്കാര്യം അറിഞ്ഞിരിക്കണം


പ്രഭാത ഭക്ഷണമായി മുട്ടയെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ അധികം വർധിച്ചിട്ടുണ്ട്. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ കിട്ടുമെന്നുള്ളത് കൊണ്ട് വിശപ്പിനും ആരോ​ഗ്യത്തിനും ഒരുപോലെ ​ഗുണകരമാണ് മുട്ട കഴിക്കുന്നത്. കൃത്യമായി വ്യായാമം ചെയ്യുന്നവർക്കും ഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും മുട്ട നല്ലൊരു ഓപ്ഷനാണ്. എന്നാൽ, ദിവസവും എത്ര മുട്ട വരെ കഴിക്കുന്നത് സുരക്ഷിതമാണ് എന്നത് പലർക്കും സംശയമുള്ള കാര്യമാണ്. മുട്ട പോഷകങ്ങൾ കൊണ്ട് സമ്പന്നമാണെങ്കിലും ഒരു പരിധിയിൽ കൂടുതൽ കൊളസ്ട്രോൾ അതിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ അവ കഴിക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാറുണ്ട്. ചിലർ മുട്ടയുടെ വെള്ള മാത്രം കഴിക്കാൻ ഇഷ്ടപ്പെടുമ്പോൾ മറ്റുചിലർ മുഴുവൻ മുട്ടയും ആഹാരത്തിൽ ഉൾപ്പെടുത്തുന്നു. ഒരാൾക്ക് അനുയോജ്യമായ മുട്ടയുടെ അളവ് അവരുടെ ദിനചര്യ, ശാരീരിക അധ്വാനം, കൊളസ്ട്രോളിന്റെ അളവ്, നിലവിലെ ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മുട്ട ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കുന്നത് കഴിക്കേണ്ട അളവ് തീരുമാനിക്കാൻ സഹായിക്കും. ആരോഗ്യമുള്ള മുതിർന്ന ഒരാൾ ദിവസവും ഒരു മുഴുവൻ മുട്ട എങ്കിലും സമീകൃതാഹാരത്തിന്റെ ഭാഗമായി കഴിച്ചിരിക്കണം. വ്യക്തികളുടെ ഭക്ഷണരീതി, ആരോഗ്യസ്ഥിതി, പോഷക ആവശ്യങ്ങൾ എന്നിവയെ ആശ്രയിച്ച് ഇതിൽ മാറ്റം വരാം. എല്ലാവർക്കും ഒരുപോലെ ബാധകമായ ഒരൊറ്റ അളവില്ല. മുട്ടയുടെ മഞ്ഞക്കരുവിലാണ് പ്രധാനമായും കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നത്. എന്നാൽ, ഭക്ഷണത്തിലൂടെയുള്ള കൊളസ്ട്രോൾ എല്ലാവരുടെയും രക്തത്തിലെ കൊളസ്ട്രോൾ നിലയെ ഒരുപോലെയല്ല ബാധിക്കുന്നത്. ഭക്ഷണത്തിലെ പൂരിത കൊഴുപ്പും ട്രാൻസ് കൊഴുപ്പും ആണ് ചീത്ത കൊളസ്ട്രോളായ എൽഡിഎൽ വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. അതിനാൽ, കഴിക്കുന്ന മുട്ടയുടെ എണ്ണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, അതിനൊപ്പം എന്തൊക്കെ കഴിക്കുന്നു എന്നതിലും ശ്രദ്ധ വേണം. വെണ്ണ, ചീസ്, പ്രോസസ് ചെയ്ത മാംസം എന്നിവ ചേർത്ത് പാകം ചെയ്യുന്ന മുട്ടയേക്കാൾ ആരോഗ്യമുള്ളതാണ് തവിടു കളയാത്ത ധാന്യങ്ങൾ കൊണ്ടുള്ള ടോസ്റ്റും പച്ചക്കറികളും ചേർത്ത് കഴിക്കുന്ന പുഴുങ്ങിയ മുട്ട.



Post a Comment

0 Comments