പത്മശ്രീ ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് പരമ്പരാഗത നെല്‍വിത്ത് ശേഖരണത്തിലൂടെ ശ്രദ്ധേയനായ കര്‍ഷകന്‍


കോഴിക്കോട്: പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കവേയാണ് അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. വയനാട്ടിലെ കുറിച്യ വിഭാഗത്തിൽപ്പെട്ട ചെറുവയൽ രാമൻ അപൂർവയിനം വിത്തുകളുടെ കാവൽക്കാരനായാണ് ലോകമെങ്ങും അറിയപ്പെട്ടിരുന്നത്. ഈ പരിശ്രമങ്ങൾക്കാണ് രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചത്. 2023-ലെ റിപ്പബ്ലിക്ക് ദിനത്തിൽ അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങുകയും ചെയ്തു. 2011-ൽ ഹൈദരാബാദിൽ നടന്ന 11 രാജ്യങ്ങൾ പങ്കെടുത്ത ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തിൽ അദ്ദേഹം കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. വയനാട്ടിലെ പുൽപ്പള്ളി ചേകാടി ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ പാരമ്പര്യ നെൽവിത്തുകൾ സംരക്ഷിക്കുന്നതിനും കൃഷിരീതികൾ വ്യാപിപ്പിക്കുന്നതിനും ചെറുവയൽ രാമൻ വലിയ പ്രചോദനമായിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം വീട്ടിലേക്ക് വൈകാതെ കൊണ്ടുപോകും. തുടർന്ന് സർക്കാർ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.



إرسال تعليق

0 تعليقات