‘ലൈസൻസ് അനുവദിച്ചത് എൽഡിഎഫ് സർക്കാരിന്റെ കാലത്തല്ല, യുഡിഎഫ് അധികാരത്തിലേറി ജൂൺ മാസത്തിൽ’: ഹോർട്ടി വൈൻ വിൽപനയിൽ എംബി രാജേഷ്


ഹോർട്ടി വൈൻ വിൽപനയ്ക്കുള്ള ലൈസൻസ് നൽകിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്തല്ലെന്നും പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഈ ജൂൺ മാസത്തിലാണെന്നും എം ബി രാജേഷ് വ്യക്തമാക്കി. ഭക്ഷ്യധാന്യങ്ങൾ ഒഴികെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ ഫെർമെന്റേഷൻ നടത്തിയാണ് ഹോർട്ടി വൈൻ ഉണ്ടാക്കുന്നത്. ഇത് സ്പിരിറ്റ് ചേർത്ത് ഡിസ്റ്റിലേഷനിലൂടെ നിർമ്മിക്കുന്ന മദ്യമല്ല. കർഷകരുടെയും കർഷക സംഘടനകളുടെയും നിരന്തരമായ ആവശ്യം പരിഗണിച്ച്, കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കുന്നതിനായി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയും ഉൽപ്പാദന അനുമതി നൽകുകയും ചെയ്തിരുന്നു. കാർഷിക സർവകലാശാലയ്ക്ക് ഇതിനുള്ള ഉൽപ്പാദന ലൈസൻസ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടിയിലെ വിൽപന ലൈസൻസ് ഉൾപ്പെടെയുള്ള അനുമതികൾ നൽകിയത് പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഈ ജൂൺ മാസത്തിലാണ്. എക്സൈസ് കമ്മീഷണറാണ് നിലവിലുള്ള ചട്ടപ്രകാരം ഈ ലൈസൻസ് അനുവദിച്ചത്. ഹോർട്ടി വൈനും വീര്യം കുറഞ്ഞ മദ്യവും ഒന്നാണെന്നത് തെറ്റിദ്ധാരണയാണെന്നും കർഷകരെ സഹായിക്കാനായി പരസ്യവും വിശദവുമായ ചർച്ചകൾക്ക് ശേഷം നടപ്പിലാക്കിയ നയപരമായ തീരുമാനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Post a Comment

0 Comments