നാദാപുരം എംഇടി കോളജിൽ സിനിമാ രംഗങ്ങളെ വെല്ലുന്ന സംഘട്ടന ദൃശ്യങ്ങൾ; അടി, ഇടി, 'പടംപിടി'.

 



നാദാപുരം എംഇടി കോളജിൽ വിദ്യാർഥി സംഘർഷം. സിനിമാ രംഗങ്ങളെ

വെല്ലുന്ന സംഘട്ടനത്തിന്റെ ദൃശ്യങ്ങളും പ്രചരിച്ചു. ഒട്ടേറെ വിദ്യാർഥികൾക്കു പരുക്കേറ്റു. ചൂരൽ പ്രയോഗിച്ചിട്ടും നിയന്ത്രിക്കാനാകാതെ വന്നതോടെ കൂടുതൽ പൊലീസ് എത്തി. അതോടെ പരുക്കേറ്റവർ അടക്കം ഓടിക്കളഞ്ഞു. ആശുപത്രികളി പ്രവേശിപ്പിച്ചവരും മുങ്ങി. ജൂനിയർ വിദ്യാർഥികളിൽ ഒരാളെ മുതിർന്ന വിദ്യാർഥികൾ കോളജിലേക്കുള്ള വഴിയിൽ വളഞ്ഞിട്ടു തല്ലിയതോടെയാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെ സ്കൂട്ടറിലും ബൈക്കിലുമായി എത്തിയ വിദ്യാർഥികൾ ചേരി തിരിഞ്ഞു കൂട്ടത്തല്ലായി മാറി. കോളജിലേക്കുള്ള വഴിയിൽ വച്ചായിരുന്നു സംഭവം. സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ രക്ഷിതാക്കളും കോളജിലേക്ക് കുതിച്ചെത്തി.പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും ന്യൂക്ലിയസ് ആശുപത്രിയിലും എത്തിച്ചെങ്കിലും അവിടെയും ഏറ്റുമുട്ടി. പൊലീസ് എത്തി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതോടെയാണ് സംഘർഷത്തിന് അയവുവന്നത്. ദേവർകോവിൽ സ്വദേശിയും ഒന്നാം വർഷ വിദ്യാർഥിയുമായ ശങ്കൂന്റകണ്ടി മുഹമ്മദ് നജാദിനെ (19) ഹെൽമറ്റ് ഉപയോഗിച്ചും മറ്റും മർദിച്ചതിന് കണ്ടാലറിയാവുന്ന 6 വിദ്യാർഥികൾക്ക് എതിരെ പൊലീസ് കേസെടുത്തു. മർദനമേറ്റവർ ഏറെയുണ്ടെങ്കിലും മറ്റാരും പരാതിയുമായി എത്താത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.3-ാം വർഷ വിദ്യാർഥികളായ 16 പേരെയും ഒന്നാം വർഷ വിദ്യാർഥികളായ 6 പേരെയും കോളജിൽ നിന്നു സസ്പെൻഡ് ചെയ്‌തതായി പ്രിൻസിപ്പൽ ഡോ.ഷാനിഫ് അറിയിച്ചു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ചതായി എംഇടി ചെയർമാൻ യൂനുസ് ഹസൻ പറഞ്ഞു.



Post a Comment

0 Comments